വാഷിങ്ടണ്‍: എല്‍-1ബി വിസയ്ക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളില്‍ യുഎസ് ഇളവുകള്‍ വരുത്തി. പുതുക്കിയ എല്‍-1ബി വിസ മാനദണ്ഡങ്ങള്‍ പ്രകാരം, വിസയ്ക്കുള്ള അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിന്റെ നിരക്ക് കുറയുമെന്ന് പ്രതീക്ഷ.
വിദേശികള്‍ക്ക് യുഎസില്‍ വന്ന് ബിസിനസ് ചെയ്യുന്നത് സരളവും ആകര്‍ഷകമാക്കുകയും ചെയ്യുമെന്നാണ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എല്‍-1ബി വിസയ്ക്ക് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയത്.
വിദഗ്ധ തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര ട്രാന്‍സ്ഫര്‍ നല്‍കാന്‍ കമ്പനികള്‍ക്ക് സഹായമാകുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണ് എല്‍-1ബി. അഞ്ച് വര്‍ഷം വരെയായിരിക്കും ഇതിന്റെ കാലാവധി.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എല്‍-1ബി വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതിന്റെ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. 2006ല്‍ ആറു ശതമാനം അപേക്ഷകളാണ് നിരസിക്കപ്പെട്ടതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 35 ശതമാനം വരെയായി.