|
പുതുവര്‍ഷത്തിലെ ആദ്യ പരിപാടിയുമായി ലണ്ടനിലുള്ള കലാ സാഹിത്യ കൂട്ടായ്മ 'കട്ടന്‍ കാപ്പിയും കവിത'യും ജനുവരി 14ന് വീണ്ടും ഒത്തുകൂടുന്നു . മലയാളി അസോസിയേഷന്‍ ഓഫ് ദി യു .കെ.' യുടെ ആഭിമുഖ്യത്തില്‍ , ലണ്ടനിലെ മനോപാര്‍ക്കിലുള്ള 'കേരള ഹൗസി'ല്‍ വെച്ച് , രണ്ട് പരിപാടികളുമായിട്ടാണ് , അന്ന് വൈകീട്ട് 5 മണി മുതല്‍ ഇതിനു വേണ്ടി വേദിയൊരുക്കുന്നത് .
ആദ്യം മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരം നടത്തുകയാണ് . മലയാള കവിതയുടെ മുഖ്യധാരയില്‍ വര്‍ത്തിക്കുകയാണെങ്കിലും കവിയത്രി എന്ന നിലയില്‍ മാത്രമല്ല , സുഗതകുമാരി ടീച്ചര്‍ ആദരിക്കപ്പെടുന്നത്. ഓരോ മലയാളിയുടെയും നിത്യ ജീവിതത്തില്‍ ഇത്രത്തോളം ഇടപെടുകയും , സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുള്ള മറ്റൊരാള്‍ ഇല്ല. സുഗതകുമാരി ടീച്ചര്‍ക്ക് എണ്‍പതു വയസ്സാകുമ്പോള്‍ നാമൊരോരുത്തരും അത് ഓര്‍ത്തുവയ്ക്കുന്നതും , ആശംസകള്‍ ചൊരിയുന്നതും അതിനാലാണ്. സുഗതകുമാരി ടീച്ചറുടെ കവിതകളെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും, പഠനങ്ങളും, ഇഷ്ടപ്പെട്ട കവിതകളും, വരികളും ചൊല്ലിയാടാവുന്നതാണ്.
ഈയിടെ നമ്മെ വിട്ട് പോയ മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്‌മരണത്തിനാണ് വേദി പങ്കിടുന്നത് . തന്റെ സമകാലികരായ ആധുനിക സാഹിത്യകാരന്മാരില്‍നിന്നും , സാഹിത്യകാരികളില്‍നിന്നും ദര്‍ശനത്തിലും ആവിഷ്‌കാരരീതിയിലും വ്യത്യസ്തനായിരിക്കുവാന്‍ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്ക ബോധപൂര്‍വ്വമല്ലാതെ തന്നെ നടത്തിയ സര്‍ഗ്ഗാത്മക സമരമാണ് അദ്ദേഹത്തിന്റെ രചനകളുടെ മൗലികതയ്ക്ക് നിദാനം.
ബഷീറിനെയും മാധവിക്കുട്ടിയെയുംപോലെ ബൗദ്ധികതയേക്കാള്‍ , സഹജാവബോധത്തെ അവലംബിക്കുന്ന ഒരു സര്‍ഗ്ഗാത്മകതയാണത്. ഭാഷയിലും , രൂപശില്‍പ്പത്തിലും , ചിന്തയിലും ഡോ : പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്കയുടെ രചനകള്‍ പുലര്‍ത്തുന്ന സാരള്യം മറ്റു പല മലയാളി എഴുത്തുകാരുടെ കൃതികളെ അപേക്ഷിച്ച് ജീവിതത്തെയും , ജീവിത സന്ദര്‍ഭങ്ങളെയും , മനുഷ്യരെയും , പ്രപഞ്ചത്തെയും സംബന്ധിച്ച വലിയ ആഴങ്ങള്‍ സന്നിഹിതമാക്കുന്നവയായിരുന്നു .
മലയാള ഭാഷാ സ്നേഹികളായ ഏവരെയും ഈ പരിപാടിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു. |