പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതില്‍, രാജ്യത്തിന്റെ പ്രതികരണത്തിന്റെ രീതി, ലക്ഷ്യങ്ങള്‍, സമയം എന്നിവ തീരുമാനിക്കാന്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കുക എന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും ഉന്നതതല സുരക്ഷാ യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സായുധ സേനയുടെ കഴിവുകളില്‍ പ്രധാനമന്ത്രി പൂര്‍ണ വിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
ന്യൂഡല്‍ഹിയിലെ വസതിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല സുരക്ഷാ യോഗം ഒന്നര മണിക്കൂറിലധികം നീണ്ടു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍, ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗ്, ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഇന്ത്യന്‍ നാവികസേന മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവര്‍ തലസ്ഥാനത്തെ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. |