Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
Teens Corner
  Add your Comment comment
ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് സീറോ മലബാര്‍ നിര്‍ദ്ദിഷ്ട മിഷന്റെ സംയുക്ത തിരുനാള്‍
Text By: Robin Joseph
ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിന്‍സ് സീറോ മലബാര്‍ നിര്‍ദ്ദിഷ്ട മിഷനില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന മര്‍ത്ത് മറിയത്തിന്റെയും, ഈശോയുടെ ശിഷ്യനും മാര്‍ത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാര്‍ തോമാശ്ലീഹായുടെയും, നിര്‍ദ്ദിഷ്ട ഇടവക മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും, മര്‍ത്ത് അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ നാളെ (2026 ജൂണ്‍ 27) സെന്റ് ബീഡ്‌സ് ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് 2 .30 ന് കൊടിയേറ്റുന്നതോടുകൂടി തിരുനാള്‍ക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് രൂപം ആശിര്‍വ്വദിക്കല്‍, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നുമണിക്ക് റെഡ്ഹില്‍ സെന്റ് ക്ലയര്‍ മിഷന്‍ വികാരി റവ. ഫാ. ജിമ്മി മറ്റത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അദ്ദേഹം തിരുവചന സന്ദേശവും നല്‍കുന്നതാണ്. പരിശുദ്ധ കുര്‍ബാനയ്ക്കുശേഷം നേര്‍ച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേര്‍ച്ച ഇവിടുത്തെ പ്രത്യേകതയാണ്.


തുടര്‍ന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാള്‍ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദക്ഷിണം ബേസിംഗ്‌സ്റ്റോക്ക് സീറോ മലബാര്‍ സമൂഹത്തിന്റെ വിശ്വാസ സാക്ഷ്യത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനമായി മാറും. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വ്വാദം നല്‍കും. നിര്‍ദിഷ്ട മിഷന്‍ ഡയറക്ടര്‍ റവ. ഡോ. ബിനോയ് കുര്യന്‍ കൊടിയിറക്കുന്നതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കും.


തിരുനാള്‍ ദിനത്തില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദം പകരുന്നതിനുവേണ്ടിയുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി മെന്‍സ് ഫോറം, വുമന്‍സ് ഫോറം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍, പ്രതിനിധിയോഗാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.തിരുനാള്‍ ദിവസം നേര്‍ച്ചക്കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും അടിമവയ്ക്കുന്നതിനും വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.


പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ മാര്‍ തോമാശ്ലീഹാ, അഗസ്തീനോസ്, അല്‍ഫോന്‍സാമ്മ എന്നിവരുടെയും മധ്യസ്ഥം തേടി, അവരുടെ വിശുദ്ധ ജീവിതമാതൃക പിന്തുടര്‍ന്ന് ദൈവാനുഭവത്തില്‍ വളരുവാനും ജീവിതം രക്ഷാകരമാക്കുവാനും ഈ പുണ്യാചരണത്തില്‍ പങ്കുചേര്‍ന്ന് ദൈവകൃപയില്‍ പൂരിതരാകുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി നിര്‍ദ്ദിഷ്ട മിഷന്‍ ഡയറക്ടര്‍ റവ. ഡോ. ബിനോയ് കുര്യന്‍, കൈക്കാരന്‍മാരായ രാജു തോമസ് അമ്പാട്ട്, റോബിന്‍ ജോസഫ് മുണ്ടുചിറ എന്നിവര്‍ അറിയിച്ചു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:

St. Bede's Catholic Church, Popley Way, Basingstoke, RG24 9DX.
 
Other News in this category

 
 




 
Close Window