Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.8402 INR
ukmalayalampathram.com
Tue 26th May 2026
 
 
UK Special
  Add your Comment comment
ആര്‍സിബിയെ വില്‍ക്കാനൊരുങ്ങി ബ്രിട്ടീഷ് മദ്യക്കമ്പനി
reporter

ലണ്ടന്‍: നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) കിരീടത്തില്‍ മുത്തമിട്ട, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (RCB) ഓഹരികള്‍ വില്‍ക്കാന്‍ ഉടമകള്‍ ഒരുങ്ങുന്നു. ആര്‍സിബിയുടെ പ്രൊമോട്ടര്‍മാരും ബ്രിട്ടീഷ് മദ്യക്കമ്പനിയുമായ ഡിയാജിയോയാണ് (Diageo) നിശ്ചിത ഓഹരികള്‍ വിറ്റൊഴിയാന്‍ നീക്കം നടത്തുന്നത്. ആര്‍സിബിക്ക് 200 കോടി ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) മൂല്യം (Valuation) വിലയിരുത്തിയായിരിക്കും ഓഹരി വില്‍പനയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കൈവശമുള്ള നിശ്ചിതപങ്ക് ഓഹരികളാകും വിറ്റഴിക്കുക. ടീമിന്റെ ഉടമസ്ഥാവകാശം കമ്പനി നിലനിര്‍ത്തുമെന്നാണ് സൂചനകള്‍. അതേസമയം, ഇക്കാര്യത്തില്‍ ആര്‍സിബിയോ ഡിയാജിയോയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്‌സോ (United Spirits) പ്രതികരിച്ചിട്ടില്ല.

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് (Kingfisher Airlines) ഉടമയായിരുന്ന വിജയ് മല്യ (Vijay Mallya) ആയിരുന്നു ആര്‍സിബിയുടെ ആദ്യ പ്രൊമോട്ടര്‍. വന്‍തുകയുടെ ബാങ്ക് വായ്പ കിട്ടാക്കടമായതിനെ തുടര്‍ന്ന് 2012ല്‍ കിങ്ഫിഷര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും മല്യ ലണ്ടനിലേക്ക് മുങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ആര്‍സിബിയുടെ പ്രൊമോട്ടര്‍മാരായി ഡിയാജിയോ എത്തിയത്. മല്യയുടെ മദ്യ ബിസിനസ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് ആര്‍സിബിയും ഡിയാജിയോയുടെ കൈകളിലേക്ക് എത്തിയത്. ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ആദ്യ സീസണിലെ, ആദ്യ മത്സരം മുതല്‍ കളത്തിലുണ്ടെങ്കിലും ആര്‍സിബിക്കും സൂപ്പര്‍താരം വിരാട് കോലിക്കും (Virat Kohli) കിരീടം 17-ാം സീസണ്‍ വരെ കിട്ടാക്കനിയായിരുന്നു. ഈയിടെ സമാപിച്ച സീസണിലാണ് ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ (Punjab Kings) പരാജയപ്പെടുത്തി 'കിങ് കോലി'യുടെ ടീം കപ്പുയര്‍ത്തിയത്. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരിവില ഇന്ന് 2.21% ഉയര്‍ന്ന് കഴിഞ്ഞ 5-മാസത്തെ ഉയരമായ 1,627.30 രൂപയിലാണ് ഉച്ചയ്ക്ക് മുമ്പത്തെ സെഷനില്‍ വ്യാപാരം ചെയ്യുന്നത്. 1.18 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള (Market Cap) കമ്പനിയാണിത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച പാദത്തില്‍ യുണൈറ്റഡ് സ്പിരിറ്റ്‌സ് 17% വളര്‍ച്ചയോടെ 451 കോടി രൂപ ലാഭം (net profit) നേടിയിരുന്നു. ജോണി വോക്കര്‍ വിസ്‌കി (Johnnie Walker whiskey) ഉള്‍പ്പെടെയുള്ള പ്രീമിയം മദ്യ ഇനങ്ങളുടെ വില്‍പന 13.2 ശതമാനവും കമ്പനിയുടെ മൊത്തം മദ്യ വില്‍പന 10.5 ശതമാനവും വര്‍ധിച്ചിരുന്നു. ഈ വര്‍ഷം ജനുവരി 3ന് കുറിച്ച 1,700 രൂപയാണ് യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. പ്രമുഖ ബ്രോക്കറേജുകളായ സിറ്റി ഗ്രൂപ്പ് അടുത്തിടെ കമ്പനിയുടെ ഓഹരികള്‍ക്ക് 1,800 രൂപ 'ലക്ഷ്യവില' (target price) നല്‍കിയിരുന്നു. ഇന്ത്യയും യുകെയും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാര്‍ (India-UK FTA) വഴി നികുതിയിളവ് ലഭിക്കുമെന്നതും കമ്പനിക്ക് നേട്ടമാകുമെന്നാണ് സിറ്റിയുടെ വിലയിരുത്തല്‍. മറ്റൊരു ബ്രോക്കറേജായ ജെപി മോര്‍ഗന്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,760 രൂപയാണ്. റേറ്റിങ് 'ന്യൂട്രല്‍' എന്നതില്‍ നിന്ന് 'ഓവര്‍വെയിറ്റ്' എന്നതിലേക്കും ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങള്‍ മദ്യനയം കൂടുതല്‍ ലളിതമാക്കിയതും കമ്പനിക്ക് നേട്ടമാകുമെന്ന് ജെപി മോര്‍ഗന്‍ വിലയിരുത്തുന്നു.

 
Other News in this category

 
 




 
Close Window