Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഇരുപത്തിനാലു മണിക്കൂറും ഉപഗ്രഹ നിരീക്ഷണം, ആര് തൊട്ടാലും യുകെ അറിയും
reporter

തിരുവനന്തപുരം: രണ്ടാഴ്ചത്തോളമായി ബ്രിട്ടീഷ് എഫ്-35ബി യുദ്ധ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുകയാണ്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ഇന്ന് മാറ്റിയേക്കുമെന്നാണ് വിവരം. യുകെയില്‍നിന്നുള്ള എഞ്ചിനീയറിങ് സംഘമെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രീട്ടീഷ് നാവികസേന അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ വിശ്വാസമില്ലാത്തിനാലാണ് യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാന്‍ ബ്രിട്ടന്‍ വിസമ്മതിക്കുന്നതെന്ന ഇന്ത്യന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടും റോയല്‍ നേവി തള്ളിയിരുന്നു. ആവശ്യമായ ഉപകരണങ്ങളും വൈദഗ്ധ്യവും ഉണ്ടായിരുന്നെങ്കില്‍ വിമാനം ഇതിനകം തന്നെ ഹാങ്ങറിലേക്ക് മാറ്റുമായിരുന്നു. ഇപ്പോഴത് ലഭ്യമാക്കി വരികയാണ്' റോയല്‍ നേവി വക്താവ് ബ്രിട്ടീഷ് മാധ്യമമായ ഇന്‍ഡിപെന്‍ഡന്റിനോട് പ്രതികരിച്ചു. വിമാനത്താവളത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ഉപകരണങ്ങളും യുകെ എഞ്ചിനീയറിംഗ് ടീമുകളും എത്തിക്കഴിഞ്ഞാല്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റും' റോയല്‍ നേവി വക്താവ് പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് കുടുങ്ങി കിടക്കുന്ന F-35B യെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ ആശങ്കകള്‍ക്ക് കഴമ്പില്ലെന്നാണ് വ്യാമയാന വിദഗ്ധനായ മാര്‍ക്ക് മാര്‍ട്ടിനെ ഉദ്ധരിച്ച് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'വിമാനത്താവളത്തില്‍ തുറസ്സായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത് കൊണ്ട് യാതൊരു കൃത്രിമവും ഇതില്‍ കാണിക്കാനാകില്ല. അകത്ത് നിന്നും പുറത്ത് നിന്നും പ്രവര്‍ത്തന രഹിതമാക്കപ്പെട്ട വിമാനത്തെ നിരീക്ഷിക്കാന്‍ യുകെയ്ക്ക് സ്വന്തമായി ഉപഗ്രഹങ്ങളുണ്ട്. അവ ഉപയോഗിച്ച് വിമാനത്തെ നിരീക്ഷിക്കാന്‍ ബ്രിട്ടന് സാധിക്കും. അതുകൊണ്ട് തന്നെ വിമാനത്തിനടുത്തേക്ക് ആരെങ്കിലും വന്നാല്‍ പോലും ആദ്യം യുകെയില്‍ അറിയാന്‍ സാധിക്കും'മാര്‍ക്ക് മാര്‍ട്ടിന്‍ പറഞ്ഞു.

ഇന്ത്യയും യുകെയും തമ്മിലുള്ള പ്രതിരോധ ഉടമ്പടി പ്രകാരം ഇത്തരം സാഹചര്യങ്ങളിലും പരസ്പരം പ്രതിരോധ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി. യുകെ വിമാനവാഹിനി കപ്പലില്‍ നിലയുറപ്പിച്ചിരിക്കുന്ന എഫ്-35ബി വിമാനങ്ങള്‍ വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വരികയാണെങ്കില്‍ ഏറ്റവും സാധ്യതയുള്ളത് ഒരു സി-17 ഗ്ലോബ്മാസ്റ്ററോ അല്ലെങ്കില്‍ ഒരു ഹെവി ലിഫ്റ്റ് ട്രാന്‍സ്പോര്‍ട്ട് വിമാനമോ ബ്രിട്ടന്‍ അയക്കുമെന്നും, ആ വിമാനത്തില്‍ F-35B തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റെവിടെയും ഇത് നന്നാക്കാന്‍ സാധിക്കില്ലെന്നും ബ്രിട്ടീഷ് വ്യാമയാന വിദഗ്ധന്‍ ചൂണ്ടിക്കാട്ടി. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്നപ്പോഴാണ് മോശം കാലാവസ്ഥയും ഇന്ധനക്കുറവിനെയും തുടര്‍ന്ന് എഫ്-35ബി വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ ഇതുവരെ ഇന്ത്യയടക്കം മറ്റൊരു രാജ്യത്തിനും കൈമാറിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഹാങ്ങറിലേക്കു മാറ്റിയാലും പ്രത്യേക സുരക്ഷയൊരുക്കിയായിരിക്കും അറ്റകുറ്റപ്പണി നടത്തുക. കേന്ദ്രസര്‍ക്കാരിന്റെയും വ്യോമസേനയുടെയും പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയിലാണ് നിര്‍ത്തിയിരിക്കുന്നത്. വലിയ സുരക്ഷാസംവിധാനങ്ങളാണ് വിമാനത്തിന് സിഐഎസ്എഫ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്തിന്റെ രഹസ്യ സാങ്കേതികവിദ്യ സംബന്ധിച്ച് ആശങ്കയില്ലെന്നും സുരക്ഷിതമായ സൂക്ഷിച്ചതിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും ബ്രീട്ടീഷ് അധികൃതര്‍ അറിയിച്ചതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ മണ്ണില്‍ തങ്ങളുടെ യുദ്ധവിമാനം പ്രവര്‍ത്തനരഹിതമായി കിടക്കുന്നത് ചൂണ്ടിക്കാട്ടി ബ്രിട്ടനില്‍ തന്നെ ആശങ്കകളുയര്‍ന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. ഇന്ത്യ നല്‍കിയ സുരക്ഷിതമായ ലാന്‍ഡിംഗ്, ലോജിസ്റ്റിക്, സുരക്ഷ ഒരുക്കല്‍, മറ്റു പിന്തുണകള്‍ എന്നിവ യുകെയിലെയും ഇന്ത്യയിലെയും സായുധ സേനകള്‍ക്കിടയിലുള്ള അടുത്ത ഏകോപനത്തെയും ആഴത്തിലുള്ള ബന്ധത്തെയും കൂടുതല്‍ തെളിയിക്കുന്നുവെന്നും ബ്രീട്ടീഷ് അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window