ലണ്ടന്‍: ദുബായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം സ്ഥാപിച്ചതിന് തടവുശിക്ഷ അനുഭവിച്ച ശേഷം മൂന്ന് മാസം മുന്‍പ് മോചിതനായ ബ്രിട്ടീഷ് യുവാവ് മാര്‍ക്കസ് ഫക്കാന (19) യുകെയില്‍ വാഹനാപകടത്തില്‍ മരിച്ചു. വടക്കന്‍ ലണ്ടനിലെ ടോട്ടന്‍ഹാമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തിലാണ് മരണം സംഭവിച്ചത്.
ഗുരുതരമായി പരുക്കേറ്റ മാര്‍ക്കസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെട്രോപൊളിറ്റന്‍ പൊലീസ് തടയാന്‍ ശ്രമിച്ച വാഹനമാണ് മാര്‍ക്കസ് സഞ്ചരിച്ചിരുന്നത്. 60 സെക്കന്‍ഡ് മാത്രം പൊലീസ് പിന്തുടര്‍ന്നതായും, പിന്നീട് വാഹനം ട്രക്കിലിടിച്ച് അപകടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.
ദുബായില്‍ 18 വയസ്സുള്ളപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം സ്ഥാപിച്ചതിന്റെ പേരില്‍ മാര്‍ക്കസ് അറസ്റ്റിലാവുകയും ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പൊതുമാപ്പ് ലഭിച്ചതോടെ ജൂലൈയില്‍ മോചിതനായി.
അപകടവുമായി ബന്ധപ്പെട്ട് ടോട്ടന്‍ഹാമിലെ ആര്‍ഗൈല്‍ റോഡില്‍ നിന്നുള്ള മര്‍വാന്‍ മുഹമ്മദ് ഹുസൈന്‍ (19) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് പുറമെ ഇന്‍ഷുറന്‍സ്, ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനും, പൊലീസ് തടയുന്നതിനിടെ നിര്‍ത്താതെ പോയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഹൈബറി കോര്‍ണര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച ഹാജരാക്കിയ മര്‍വാനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 30ന് ഓള്‍ഡ് ബെയ്ലിയില്‍ വീണ്ടും ഹാജരാക്കും.