|
ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ, കഴിഞ്ഞയാഴ്ചയിലേതിനേക്കാള്‍ ഒരു പോയിന്റ് കുറഞ്ഞ് 21ല്‍ എത്തി. അതേസമയം, റിഫോം യുകെയുടെ പിന്തുണ രണ്ട് പോയിന്റ് വര്‍ദ്ധിച്ച് 34 ശതമാനത്തിലെത്തി. റിഫോമിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും വലിയ സ്‌കോര്‍ ആണിത്. ലിവര്‍പൂളില്‍ കഴിഞ്ഞയാഴ്ച നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ റിഫോം യുകെയുടെ കുടിയേറ്റ വിരുദ്ധത വംശീയ വിവേചനമാണെന്നായിരുന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാല്‍ പുതിയ അഭിപ്രായ സര്‍വേയിലും റിഫോം യുകെയ്ക്ക് പിന്തുണ കൂടുകയും ലേബര്‍ പാര്‍ട്ടിയോടുള്ള താല്‍പര്യം കുറഞ്ഞിരിക്കുകയാണെന്നുമാണ് കണക്കുകള്‍.
സ്റ്റാര്‍മറുടെ വ്യക്തിഗത റേറ്റിംഗ് വീണ്ടും മൂന്ന് പോയിന്റ് താഴ്ന്ന് മൈനസ് 44 ല്‍ എത്തി. ഏറ്റവും നല്ല പ്രധാനമന്ത്രി ആരാകും എന്ന ചോദ്യത്തില്‍ ഫരാജ് അഞ്ച് പോയിന്റിന് സ്റ്റാര്‍മറുടെ മുന്‍പിലെത്തി. 31 ശതമാനം പേര്‍ ഫരാജ് നല്ല പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞപ്പോള്‍ 26 ശതമാനം പേരാണ് സ്റ്റാര്‍മര്‍ക്കൊപ്പം നിന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ പറഞ്ഞത് ലേബര്‍ പാര്‍ട്ടി സമ്മേളനം ഒരു പരാജയമായിരുന്നു എന്നാണ്. 20 ശതമാനം പേര്‍ മാത്രമാണ് സമ്മേളനം വിജയമാണെന്ന് പറഞ്ഞത്.
ലിവര്‍പൂളില്‍ നടന്ന സമ്മേളനത്തില്‍ റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെയ്ക്കെതിരെ സ്റ്റാര്‍മര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിമത എംപിമാര്‍ക്കും ചില നേതാക്കള്‍ക്കും അസ്വസ്ഥതയുണ്ടാക്കിയിരുന്നു. |