ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ബോയിങ് 787 വിമാനങ്ങളുടെയും വൈദ്യുത സംവിധാനങ്ങള്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (എഫ്‌ഐപി) വ്യോമയാന ഡയറക്ടറേറ്റ് ജനറലിനോട് (ഡിജിസിഎ) അപേക്ഷ നല്‍കി.
ഇന്നലെ പഞ്ചാബിലെ അമൃത്സറില്‍നിന്ന് ബ്രിട്ടനിലെ ബര്‍മിങ്ങാമിലേക്കുള്ള ബോയിങ് 787 വിമാനത്തില്‍ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) സ്വയം പ്രവര്‍ത്തിച്ചതാണ് എഫ്‌ഐപിയുടെ നീക്കത്തിന് പിന്നില്‍. സാധാരണയായി, വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമാകുമ്പോഴോ, ഇലക്ട്രോണിക്-മര്‍ദ സംവിധാനങ്ങളില്‍ ഗുരുതരമായ തകരാര്‍ ഉണ്ടാകുമ്പോഴോ ആണ് റാറ്റ് സ്വയം പ്രവര്‍ത്തിക്കുന്നത്.
റാറ്റ് പ്രവര്‍ത്തിച്ചതോടെ ആശങ്കയിലായെങ്കിലും വിമാനം സുരക്ഷിതമായി ബര്‍മിങ്ങാം എയര്‍പോര്‍ട്ടില്‍ ഇറക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുത സംവിധാനത്തില്‍ നിന്നുള്ള തെറ്റായ സിഗ്നല്‍ വിമാനത്തിന്റെ നിരീക്ഷണ സംവിധാനം പിടിച്ചെടുത്തതാണു സംഭവത്തിന് കാരണമെന്നാണ് എഫ്‌ഐപി ചൂണ്ടിക്കാട്ടുന്നത്.
സംഭവത്തെ തുടര്‍ന്ന് ഡിജിസിഎ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂണ്‍ 12ന് എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനം അഹമ്മദാബാദില്‍ തകര്‍ന്നു വീണതില്‍ 260 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.