മുംബൈ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. വ്യവസായ പ്രമുഖരും വൈസ് ചാന്‍സലര്‍മാരും ഉള്‍പ്പെടെ നൂറിലേറെ അംഗങ്ങളുള്ള സംഘത്തോടൊപ്പം അദ്ദേഹം മുംബൈയില്‍ എത്തി. നാളെ രാജ് ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സ്റ്റാര്‍മര്‍ ഔദ്യോഗിക ചര്‍ച്ച നടത്തും.
ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സ്റ്റാര്‍മര്‍ പങ്കെടുക്കുന്നുണ്ട്. നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രിമാര്‍ ചര്‍ച്ചചെയ്യും.
ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനില്‍ എത്തി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സന്ദര്‍ശനം.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം കെയര്‍ സ്റ്റാര്‍മറുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുമോ എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട് യാതൊന്നും ചര്‍ച്ച ചെയ്യാനല്ല ഇന്ത്യയിലെത്തിയതെന്നും, ചില സാമ്പത്തിക സഹകരണങ്ങളേക്കുറിച്ചാണ് ചര്‍ച്ചയെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.