ന്യൂഡല്‍ഹി: ഊര്‍ജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും യുകെയും തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറും അറിയിച്ചു. ദില്ലിയില്‍ നടന്ന ഉച്ചകോടി ചര്‍ച്ചകള്‍ക്ക് ശേഷം ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചര്‍ച്ചയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കിയ സ്റ്റാമര്‍ പ്രശംസിച്ചു. ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒമ്പത് സര്‍വ്വകലാശാലകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഗാസയിലെ സമാധാന ധാരണ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയവരെ അഭിനന്ദിക്കുന്നതായും സ്റ്റാമര്‍ പറഞ്ഞു. യുക്രെയ്ന്‍-റഷ്യ സംഘര്‍ഷവും ഗാസയിലെ സ്ഥിതിഗതികളും ചര്‍ച്ചയില്‍ പ്രാധാന്യം നേടി.
ഇന്ത്യ-യുകെ സൗഹൃദം കൂടുതല്‍ ശക്തമായതായി പ്രധാനമന്ത്രി മോദി പറഞ്ഞു. വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംയുക്ത നിധി രൂപീകരിക്കാനും തീരുമാനമായി. പ്രതിരോധ രംഗത്ത് സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും മോദി വ്യക്തമാക്കി.
രാഷ്ട്രീയ, സാമ്പത്തിക, ആഗോള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നടന്ന ചര്‍ച്ചകള്‍ ഇന്ത്യ-യുകെ ബന്ധത്തിന് പുതിയ ദിശ നല്‍കുമെന്ന് നേതാക്കള്‍ സംയുക്തമായി വ്യക്തമാക്കി.