ലണ്ടന്‍: വിമാനത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പകരം നോണ്‍-വെജ് നല്‍കി, യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിനെതിരെ കേസ്. ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നുള്ള റിട്ട. കാര്‍ഡിയോളജിസ്റ്റ് ഡോ. അശോക ജയവീര (85) ആണ് 2023 ജൂണ്‍ 30ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ ലോസ് ഏഞ്ചല്‍സ്‌കൊളംബോ വിമാനത്തില്‍ വെച്ച് മരിച്ചത്.
15.5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്കായി ഡോ. ജയവീര മുന്‍കൂട്ടി വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍, വിമാനത്തിലെ ജീവനക്കാര്‍ അദ്ദേഹത്തിന് നോണ്‍-വെജ് ഭക്ഷണമാണ് നല്‍കിയത്. നോണ്‍-വെജ് കഴിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന്, ഇറച്ചി ഒഴിവാക്കി കഴിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസംമുട്ടലുണ്ടായി, ബോധരഹിതനായി. വിമാനത്തില്‍ വൈദ്യസഹായം നല്‍കിയെങ്കിലും നില വഷളായി. തുടര്‍ന്ന് വിമാനം എഡിന്‍ബര്‍ഗില്‍ അടിയന്തരമായി ഇറക്കുകയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2023 ഓഗസ്റ്റ് 3ന് അദ്ദേഹം മരിച്ചു.
ആസ്പിരേഷന്‍ ന്യൂമോണിയയാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിലോ ദ്രാവകത്തിലോ ഉള്ള അംശം അബദ്ധത്തില്‍ ശ്വാസകോശത്തില്‍ പ്രവേശിച്ചതാണ് രോഗകാരണം.
മരണത്തില്‍ എയര്‍ലൈന്‍ ജീവനക്കാരുടെ അശ്രദ്ധയും ഭക്ഷണത്തില്‍ ഉണ്ടായ വീഴ്ചയും കാരണമായെന്ന് ആരോപിച്ച് ഡോ. ജയവീരയുടെ മകന്‍ സൂര്യ ജയവീരയാണ് കേസ് ഫയല്‍ ചെയ്തത്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതും അടിയന്തര ഘട്ടത്തില്‍ കൃത്യമായി പ്രതികരിക്കാത്തതുമാണ് ആരോപണം.
128,821 ഡോളര്‍ (ഏകദേശം ?1.07 കോടി) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ഖത്തറും അമേരിക്കയും അംഗങ്ങളായ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ് നിയമനടപടി. വിമാനത്തില്‍ സംഭവിക്കുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും പരമാവധി 175,000 ഡോളര്‍ നഷ്ടപരിഹാരമാണ് ഈ ഉടമ്പടി അനുവദിക്കുന്നത്.
ഡോ. ജയവീരയുടെ മരണത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് ദുഃഖം രേഖപ്പെടുത്തി. നിലവിലുള്ള അന്വേഷണത്തില്‍ പൂര്‍ണ്ണമായി സഹകരിക്കുന്നതായും കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നതില്‍ വിമാനക്കമ്പനികളുടെ ഉത്തരവാദിത്വം സംബന്ധിച്ചും ഈ സംഭവം വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ലെന്നും ഇനി?? നടപടിയെടുക്കണമെന്ന് ആവശ്യവുമുയരുന്നു.