|
ഹെന്‍ ഗ്രോവ് മലയാളി കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ അദ്വൈത ആര്‍ട്സ് അണിയിച്ചൊരുക്കുന്ന, യുകെയില്‍ കലയും സാഹിത്യവും സംഗീതവും സംഗമിക്കുന്ന അപൂര്‍വ്വ വേദിയായ ശ്രീരാഗം - സീസണ്‍ 3, ഇന്ത്യന്‍ കലാസംഗീതോത്സവം നാളെ മാര്‍ച്ച് ഒന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ ബ്രിസ്റ്റോളില്‍ നടക്കും. വായനക്കാരുടെ ഹൃദയം കീഴടക്കിയ, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബാബു എബ്രഹാം രചിച്ച ''കമ്പിളി കണ്ടത്തെ കല്‍ഭരണികള്‍'' എന്ന ആത്മകഥാപരമായ കൃതിക്ക് അദ്വൈതയുടെ ആദ്യ ''അദ്വയ'' പുരസ്‌കാരം സമ്മാനിക്കും. കൂടാതെ ബ്രിസ്റ്റോളില്‍ നിന്ന് തെരഞ്ഞെടുത്ത ഗായകനു ജി. ദേവരാജന്‍ പുരസ്‌കാരവും നല്‍കും.
നര്‍ത്തകി ഡാന്‍സ് അക്കാദമിയുടെ അപര്‍ണ്ണ പവിത്രന്‍ അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.
പ്രധാന പരിപാടികള്‍
• വിന്റര്‍ മെലഡീസ്
പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ വയലിനിലൂടെ പുനര്‍സൃഷ്ടിച്ച് ഹൃദയഹാരിയായ രാഗസന്ധ്യ ഒരുക്കുന്നു.
• ഗസല്‍ പോലെ...
മലയാള ചലച്ചിത്ര ഗാനങ്ങളിലെ ഗസല്‍ ഭാവമുള്ള ഹൃദ്യഗാനങ്ങള്‍.പ്രമോദ് പിള്ള, സുന്ദീപ് കുമാര്‍, അനു ചന്ദ്ര എന്നിവര്‍ അവതരിപ്പിക്കുന്ന ആത്മസ്പര്‍ശിയായ സംഗീത സായാഹ്നം.
• നിമിഷം സുവര്‍ണ്ണ നിമിഷം...
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ സിനിമാപ്രവര്‍ത്തനത്തിന്റെ 50 വര്‍ഷത്തെ സുവര്‍ണ്ണയാത്രയ്ക്ക് ആദരമായി, അദ്ദേഹത്തിന്റെ സിനിമകളിലെ തിരഞ്ഞെടുത്ത ഗാനങ്ങളാല്‍ സുന്ദരമായ ഗാനമാലിക.
ഗായകര്‍: രാജേഷ് കര്‍ത്ത, സഞ്ജീവ്, സുന്ദീപ് കുമാര്‍, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണന്‍.
കരോക്കെയില്ലാതെ, തത്സമയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീതാവിഷ്‌കാരങ്ങള്‍ നടക്കും. തബലയില്‍ കലാഭവന്‍ ആനന്ദ് നായിക്, റിതത്തില്‍ ബിബികുര്യന്‍, ഹാര്‍മോണിയത്തില്‍ സന്തോഷ് ജേക്കബ് പുത്തേറ്റ്, കീബോര്‍ഡില്‍ ഗോപു നായര്‍, ഗിറ്റാറില്‍ ജോഷി എന്നിവര്‍ മേളയ്ക്ക് മാറ്റ് കൂട്ടും.
• ദേവരാഗപദങ്ങള്‍
ജി. ദേവരാജന്‍ രചിച്ച അനശ്വര ഗാനങ്ങള്‍ക്ക് കഥകളി അര്‍പ്പണം. മലയാള ചലച്ചിത്ര ഗാനങ്ങള്‍ ആദ്യമായി കഥകളി പദങ്ങളായി അരങ്ങിലെത്തുന്ന നവീന അവതരണം. ഇക്കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലും ചെന്നൈയിലും അവതരിപ്പിച്ച് വന്‍ ജനപ്രീതി നേടിയ ഈ വ്യത്യസ്ത കഥകളി ആദ്യമായി ഭാരതത്തിന് പുറത്ത് അരങ്ങേറുന്നു.വയലാറിന്റെയും പി. ഭാസ്‌കരന്റെയും കവിതകളും ദേവരാജന്റെ സംഗീതവും ആധാരമാക്കി, കലാമണ്ഡലം വിജയകുമാര്‍ ആശയ-സംവിധാനം നിര്‍വഹിക്കുന്ന ഈ അവതരണത്തില്‍, കലാമണ്ഡലം ബാര്‍ബറയുടെ ചുട്ടിയോടുകൂടി ''ഒന്ന് ചിരിക്കൂ, ഒരിക്കല്‍ കൂടി'' എന്ന കഥപറച്ചില്‍ പഹല്‍ഗം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ അനുഭവമാകുന്നു.
ആര്‍ട്സ് കൗണ്‍സില്‍ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ നടക്കുന്ന മേളയില്‍ Bookshelf UK (പുസ്തകപെട്ടി) മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തും. ''താമര'' ഒരുക്കുന്ന ഇന്ത്യന്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
കേരളത്തിന്റെ തനതായ രുചികള്‍ നിറഞ്ഞ ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
സ്ഥലത്തിന്റെ വിലാസം
The Theatre, St. Brendan's Sixth Form College, Broomhill Road, Brislington, Bristol BS4 5RQ, UK
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Contact (WhatsApp): 07404 676981 |