Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7144 INR  1 EURO=107.0549 INR
ukmalayalampathram.com
Wed 25th Feb 2026
 
 
Teens Corner
  Add your Comment comment
ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
Text By: Manoj Joseph
ലിവര്‍പൂള്‍: ലിവര്‍പൂള്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള യൂണിവേഴ്സിറ്റി ഓഡിറ്റോറിയം ജനുവരി 31-ന് സാക്ഷ്യം വഹിച്ചത് യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായത്തിനായിരുന്നു. യുകെയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) തങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം അതിഗംഭീരമായി ആഘോഷിച്ചു. ലിമയുടെ രജതജുബിലി സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങളും എണ്ണൂറിലധികം പ്രവാസികളും പങ്കെടുത്തു. സംഘടനയുടെ കാല്‍നൂറ്റാണ്ടിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന വിപുലമായ പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.

വൈകുന്നേരം നടന്ന പൊതുസമ്മേളനം മെഴ്‌സിസൈഡ് പൊലീസിലെ ചീഫ് കോണ്‍സ്റ്റബിളിന്റെ പ്രധിനിധിയായെത്തിയ മുഖ്യാതിഥി ഇയാന്‍ സ്പീഡ് (Community Engagement Officer, Merseyside) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലിമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കൂട്ടായ്മകളാണ് വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് മലയാളത്തനിമയും സംസ്‌കാരവും പകര്‍ന്നു നല്‍കുതെന്ന് മുഖ്യ പ്രഭാഷകന്‍ എബി സെബാസ്റ്റ്യന്‍ (National President at UUKMA) പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട് യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷാജി തോമസ് വാരക്കുടി സംസാരിച്ചു. കഴിഞ്ഞ 25 വര്‍ഷക്കാലം ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് ലിമ നല്‍കിയ കരുത്തിനെയും ഒരുമയെയും കുറിച്ച് അസോസിയേഷന്‍ പ്രസിഡന്റ് സോജന്‍ തോമസ് അനുസ്മരിച്ചു. സെക്രട്ടറി ആതിര, സംഘടനയുടെ വളര്‍ച്ചയില്‍ ഓരോ അംഗത്തിനുമുള്ള പങ്കിനെ പ്രത്യേകം നന്ദിയോടെ സ്മരിച്ചു. ലിമയുടെ കഴിഞ്ഞ ഇരുപത്തിഅഞ്ചു വര്‍ഷക്കാലത്തെ സേവങ്ങളെ അനുസ്മരിച്ചു ഫ്രാന്‍സിസ് മാത്യു (ലോ ആന്‍ഡ് ലോയേര്‍സ് സോളിസിറ്റേഴ്‌സ്), ജേക്കബ് വര്‍ഗീസ് ( പ്രസിഡന്റ് , ലിംകാ) തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചപ്പോള്‍ ജോസ് മാത്യു (ട്രഷറര്‍, ലിമ) നന്ദിയും പറഞ്ഞു.

സംഘടനയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്കും സേവനങ്ങള്‍ക്കും നേതൃത്വം നല്‍കിയ മുന്‍കാല ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ 25 വര്‍ഷത്തെ പ്രവര്‍ത്തന ജീവിതം സമൂഹത്തിനു സമര്‍പ്പിച്ച ചില മഹത്വ വ്യക്തികളെയും, അഞ്ചു വര്‍ഷത്തിലധികം കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ചു സംഘടനയുടെ വളര്‍ച്ചയ്ക്കു സമഗ്ര സംഭാവന നല്‍കിയവരെയും, തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ക്കുമപ്പുറം അസാമാന്യമായ സേവനം കാഴ്ചവെച്ച പുതിയ തലമുറയില്‍പ്പെട്ട കമ്മിറ്റി അംഗങ്ങളെയും പ്രത്യേകം ആദരിച്ചു. പൊതുസമ്മേളനത്തിനൊടൊപ്പം യുകെയിലെയും കേരളത്തിലെയും പ്രമുഖരുടെ എഴുത്തുകള്‍ ഉള്‍ക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും ഉണ്ടായിരുന്നു. കലയ്ക്കും സംഗീതത്തിനുമപ്പുറം ലിമ എന്ന സംഘടന ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് നല്‍കിയ സംഭാവനകളെ ഓര്‍ത്തെടുക്കുന്നതായിരുന്നു ഔദ്യോഗിക ചടങ്ങുകള്‍.

സാംസ്‌കാരിക സമ്മേളനത്തിന് പിന്നാലെ വേദിയില്‍ പ്രമുഖ കലാകാരന്മാര്‍ അണിനിരന്ന കലാവിരുന്ന് ആരംഭിച്ചു. പിന്നണി ഗായിക ഡെല്‍സി നൈനാനും 'ഐഡിയ സ്റ്റാര്‍ സിംഗര്‍' വില്യം ഐസക്കും ചേര്‍ന്ന് നയിച്ച സംഗീത വിരുന്ന് കാണികളെ ആവേശത്തിലാഴ്ത്തി. മനോഹരമായ മെലഡികളും ഫാസ്റ്റ് നമ്പറുകളും കോര്‍ത്തിണക്കിയ ഈ സംഗീത നിശ പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്നു.

സൂര്യ ഡാന്‍സ് സ്റ്റുഡിയോയും, സ്റ്റെപ് സോണ്‍ ഡാന്‍സ് സ്റ്റുഡിയോയും അവതരിപ്പിച്ച നൃത്തങ്ങള്‍ വേദിക്ക് ശോഭ പകര്‍ന്നു. യുക്മ നാഷണല്‍ വിന്നേഴ്സായ 'ഡാന്‍സിങ് സ്റ്റാര്‍സ്', മാഞ്ചസ്റ്ററില്‍ നിന്നുമുള്ള 'ദക്ഷിണ' ഡാന്‍സ് ടീം എന്നിവരുടെ പ്രകടനങ്ങള്‍ പ്രൊഫഷണലിസം കൊണ്ടും ചടുലത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ലിവര്‍പൂളില്‍ നിന്നുള്ള 'സാറ്റ്.വിക' (Sattvika) ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ നമ്മുടെ നാടിന്റെ തനതായ കലാരൂപമായ ചെണ്ടമേളം അവതരിപ്പിച്ചു. ഈ വിസ്മയ നിമിഷങ്ങളെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ ഒപ്പിയെടുത്തത് സാറ്റ്മോ ഇവെന്റ്‌സായിരുന്നു. പരിപാടിക്കിടയില്‍ മാസ് ഹൗസ് റെസ്റ്റോറന്റ് വിതരണം ചെയ്ത കേരളീയ വിഭവങ്ങള്‍ ആഘോഷങ്ങള്‍ക്ക് മലയാള തനിമ പകര്‍ന്നു.

ലിമയുടെ രജതജുബിലി സമ്മാനമായി എല്ലാവര്‍ക്കും പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങിയ പരിപാടികള്‍ രാത്രി ഒമ്പതര വരെ നീണ്ടുനിന്നു. ലിവര്‍പൂളിലെ മലയാളി കുടിയേറ്റ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ 25-ാം വാര്‍ഷികാഘോഷം മാറി.
 
Other News in this category

 
 




 
Close Window