|
ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗ ആസ്ഥാനമായുള്ള ഡോക്ടര്‍ ഷഹീന്‍ ഷാഹിദിനെ, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്റെ വനിതാ വിഭാഗം സ്ഥാപിക്കാനും റിക്രൂട്ട്മെന്റ് നടത്താനുമായി ചുമതലപ്പെടുത്തിയിരുന്നു എന്ന് ഡല്‍ഹി പോലീസ്.
ജയ്‌ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍ പാകിസ്ഥാനില്‍ നയിക്കുന്ന 'ജമാഅത്ത് ഉല്‍-മോമിനാത്ത്' എന്ന ജെഇഎം വനിതാ വിഭാഗത്തിന്റെ കമാന്‍ഡാണ് ഈ ഡോക്ടര്‍ക്ക് കൈമാറിയിരുന്നതെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനായിരുന്നു. മേയ് 7ന് നടന്ന 'ഓപ്പറേഷന്‍ സിന്ദൂര്‍' ദൗത്യത്തിനിടെ ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ജയ്ഷ്-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരവധി ഭീകരസംഘടനകളുമായി ഷാഹിദ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഈ മൊഡ്യൂള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. |