ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ദിത്വാ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ നാശനഷ്ടങ്ങള്‍ വരുത്തിയ ശേഷം ഇന്ത്യയുടെ തെക്കന്‍ തീരപ്രദേശത്തേക്ക് നീങ്ങുന്നു. നിലവില്‍ , ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്ത് നിന്ന് വടക്ക്-വടക്ക് പടിഞ്ഞാറോട്ടാണ് നീങ്ങുന്നത്. ഞായറാഴ്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളിലും എത്തുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം.തീരത്തോട് അടുക്കുമ്പോള്‍ നേരിയ തീവ്രത ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ഇത് മണിക്കൂറില്‍ 70-90 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടിലെ നാഗപട്ടണം, തഞ്ചാവൂര്‍, ചെങ്കല്‍പ്പട്ട് തുടങ്ങിയ ഡെല്‍റ്റ, വടക്കന്‍ തീരദേശ മേഖലകളിലെ നിരവധി ജില്ലകളില്‍, റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചക്കപ്പെട്ടിരിക്കുന്നത്. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതത്തെയും സാധാരണ ജീവിതത്തെയും തടസ്സപ്പെടുത്തുന്ന തരത്തില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.