|
ശ്രീനിവാസന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തി സംവിധായകന്‍ ലാല്‍ ജോസ്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വഴികാട്ടിയെയാണ് നഷ്ടമായതെന്ന് അദ്ദേഹം വികാരാധീനനായി കുറിച്ചു. വെറുമൊരു സംവിധാന സഹായിയായി സിനിമയുടെ പുറംലോകത്ത് നടന്നിരുന്ന തനിക്ക് സ്വതന്ത്ര സംവിധായകനാകാനുള്ള വഴി വെട്ടിത്തെളിച്ചത് ശ്രീനിവാസനാണെന്ന് ലാല്‍ ജോസ് കുറിച്ചു. ലാല്‍ ജോസിന്റെ കരിയറിലെ നാഴികക്കല്ലായ ആദ്യ ചിത്രം 'ഒരു മറവത്തൂര്‍ കനവി'ന് തിരക്കഥയൊരുക്കി അദ്ദേഹത്തിന് കരുത്തായത് ശ്രീനിവാസനായിരുന്നു.
രണ്ട് മാസം മുമ്പ് കണ്ടപ്പോഴും സിനിമയോടുള്ള അടങ്ങാത്ത ആവേശം ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നുവെന്നും പുതിയൊരു കഥയുടെ പ്ലോട്ട് അന്ന് അദ്ദേഹം തന്നോട് സംസാരിച്ചിരുന്നുവെന്നും ലാല്‍ ജോസ് വെളിപ്പെടുത്തി. സിനിമ എന്ന മഹാത്ഭുതത്തെ അമ്പരപ്പോടെ നോക്കിനിന്ന ഒറ്റപ്പാലത്തുകാരനായ ഒരു സാധാരണ പയ്യന് കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാനുള്ള ദിശാബോധം നല്‍കിയത് ശ്രീനിവാസനായിരുന്നു. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ 'വടക്കുനോക്കിയന്ത്രം' എന്നാണ് ലാല്‍ ജോസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്രീനിയേട്ടന്റെ ശരീരത്തില്‍ തീയാളുകയാണിപ്പോള്‍..
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആ മുഖത്തിനു മുന്നില്‍ ക്‌ളാപ്പ് ബോര്‍ഡും പിടിച്ചുനിന്ന ആ പയ്യന്‍ ഇപ്പോള്‍ ഇവിടെ ഒറ്റക്കാണ്. പാവം പാവം രാജകുമാരന്റെ സെറ്റില്‍ പ്രിയനടനെ, ആരാധ്യനായ എഴുത്തുകാരനെ ആദ്യമായി അടുത്തുകണ്ടപ്പോള്‍ അവന്റെയുളളില്‍ ഉണര്‍ന്ന കൗതുകങ്ങള്‍, അദ്ഭുതം, ആരാധന..ശ്രീനിയേട്ടാ, അടുത്തപ്പോള്‍ അതൊന്നും ഒട്ടും കുറഞ്ഞില്ല.. എത്രേയോ ഇരട്ടിയായി കൂടിയിട്ടേയുളളൂ.ഓരോ തവണ കാണുമ്പോഴും പുതിയ ഒരു ശ്രീനിവാസന്‍ , പുതിയ ഒരു കാഴ്ചപ്പാട്, പുതിയ ഒരു കഥ. അതായിരുന്നു അദ്ദേഹം. എന്തിന് രണ്ട് മാസം മുമ്പ് കണ്ടപ്പോഴും ഒരു കഥയുടെ പ്‌ളോട്ടുണ്ടായിരുന്നു അദ്ദേഹത്തിന് പറയാന്‍...മുപ്പത് കൊല്ലം മുമ്പ് ലാല്‍ജോസാണ് സംവിധാനം ചെയ്യുന്നതെങ്കില്‍ താന്‍ എഴുതാം എന്ന് അദ്ദേഹം പറഞ്ഞ ആ നിമിഷം! അപ്രന്റീസും ജൂനിയര്‍ അസിസ്റ്റന്റും ഒക്കെയായി ഓടിപാഞ്ഞുനടന്ന ചെറുപ്പക്കാരന് അസോസിയേറ്റ് ഡയറക്ടര്‍ എന്ന കുറേക്കുടി വേതനവും പദവിയും ഉളള പദവിയിലേക്ക് സ്ഥാനകയറ്റം കിട്ടിയിട്ടേയുണ്ടായിരുന്നുളളൂ.. കല്ല്യാണം ജസ്റ്റ് കഴിഞ്ഞിട്ടേയുളളൂ..സംവിധാനം എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് നടപടിയായില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന പേടി..അന്ന് ആ ചെറുപ്പക്കാരന്റെ ഏക ധൈര്യം ശ്രീനിയേട്ടന്റെ ഉളളിന്റെ ഉളളില്‍ അടുത്തവര്‍ഷങ്ങളില്‍ എന്നെങ്കിലും തെളിഞ്ഞേക്കാന്‍ സാധ്യതയുളള ഒരു 'കനവ്' ആയിരിന്നു..രണ്ട് രണ്ടരവര്‍ഷം ആ കനവിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നു..അത് മറവത്തൂര്‍ കനവായി..ലാല്‍ ജോസ് സംവിധായകനായി..സിനിമയെ എന്നല്ല, ലോകത്തേയും ജീവിതത്തേയും എല്ലാത്തിനേയും അമ്പരപ്പോടെ മാത്രം നോക്കിനിന്നിരുന്ന ഒറ്റപാലംകാരന്‍ പയ്യന് അവന്റെ ലോകത്തിലേക്ക് സഞ്ചരിക്കാനുളള ദിശ നല്‍കിയ വടക്ക് നോക്കിയന്ത്രമാണ് ഇന്നലെ നിശ്ചലമായത്. |