|
ഹാവര്‍ഹില്‍: യുകെയിലെ ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ്‌ന്യൂ ഇയര്‍ ആഘോഷവും മെഗാഷോയും ജനുവരി 2-ന് സ്റ്റിംപിള്‍ ബംസ്റ്റഡ് ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റായ ശ്രീമതി സ്മിത തോട്ടം മുഖ്യാതിഥിയായിരിക്കും.
പുഷ്പഗിരി മെഡിക്കല്‍ കോളേജ് മുന്‍ ഡയറക്ടര്‍ ഫാ. ജോബിന്‍ വലിയപറമ്പില്‍ ക്രിസ്മസ് സന്ദേശം നല്‍കും. പ്രശസ്ത പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം, സിനിമ-കോമഡി താരം ബൈജു ജോസ് എന്നിവരുള്‍പ്പെടുന്ന കൊച്ചിന്‍ ഗോള്‍ഡന്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന മെഗാഷോയും അസോസിയേഷന്‍ അംഗങ്ങളുടെ കലാവിരുന്നും ആഘോഷങ്ങള്‍ക്ക് മിഴിവേകും. പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍ Sterling Street Mortgage Company ആണ്. പ്രവേശനം പാസ് മുഖേന.
ക്രിസ്മസ് അനുബന്ധമായി ഹാവര്‍ഹില്‍ ടൗണ്‍ കൗണ്‍സില്‍ നടത്തിയ കാര്‍ണിവല്‍ പരേഡില്‍ കേരള തനിമ പ്രതിഫലിപ്പിച്ച കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചതും, ക്രിസ്മസ് ഫുഡ് അപ്പീലിലൂടെ ശേഖരിച്ച ഏകദേശം 200 കിലോ ഭക്ഷ്യവസ്തുക്കള്‍ ടൗണ്‍ കൗണ്‍സിലിന് കൈമാറിയതും ശ്രദ്ധേയമായി. ബോട്ടിഷാം ഹില്‍ട്ടണ്‍ കെയര്‍ഹോമുമായി ചേര്‍ന്ന് സംയുക്ത ക്രിസ്മസ് ആഘോഷങ്ങളും സംഘടിപ്പിച്ചു.
വിവിധ പരിപാടികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ഫോന്‍സ്, സെക്രട്ടറി ജേക്കബ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോബിന്‍സ് റിന്റു എന്നിവരുടെ നേതൃത്വത്തില്‍ ജിജോ, ആഷ്ലി, ജെറിനാ, നോബിന്‍ തമ്പി, രാജീവ്, ജോസ്‌മോന്‍, ഷിജോ, നിധിന്‍ വര്‍ഗീസ്, അരുണ്‍, ബിജോ എന്നിവര്‍ നേതൃത്വം നല്‍കും. |