|
വിജയ് നായകനായ ചിത്രം ജനനായകന്റെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുള്‍ മുരുകന്‍ എന്നിവര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.മറുപടി നല്‍കാന്‍ സാവകാശം നല്‍കിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിയ്‌ക്കേണ്ട കേസ് അല്ല ഇതെന്നാണ് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അഭിപ്രായപ്പെട്ടത്. കേസ് 21ന് വീണ്ടും പരിഗണിയ്ക്കും.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി, ഒരു മാസം മുന്‍പുതന്നെ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 19ന് ബോര്‍ഡ്, ചിത്രം കണ്ടു. പത്തോളം കട്ടുകള്‍ വേണമെന്ന് നിര്‍ദേശിച്ചു. ഈ മാറ്റങ്ങളും വരുത്തി, ചിത്രം വീണ്ടും നല്‍കി. എന്നാല്‍ ഇതുവരെയും സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടിട്ടില്ലെന്നാണ് സൂചന. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനുള്ള കാരണവും വ്യക്തമല്ല.
രാഷ്ട്രീയത്തിലിറങ്ങിയ വിജയുടെ അവസാന ചിത്രമായാണ് ജനനായകനെ ആരാധകര്‍ കരുതുന്നത്. വിടവാങ്ങല്‍ ചിത്രമായതിനാല്‍ തന്നെ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ജനനായകന്റെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീര്‍ന്നു. വലിയ പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് പ്രതിസന്ധിയായത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടിയ്‌ക്കെതിരെ തമിഴക വെട്രി കഴകം രംഗത്തെത്തി.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ സംഗീത സംവിധാനം അനിരുദ്ധ് നിര്‍വഹിക്കുന്നു.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി ഡിയോള്‍, പൂജാ ഹെ?ഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ്. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം. |