Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.2592 INR  1 EURO=110.6072 INR
ukmalayalampathram.com
Fri 17th Jul 2026
 
 
UK Special
  Add your Comment comment
നൈജല്‍ ഫരാജിനെ വധിക്കുമെന്ന് എക്സില്‍ ഭീഷണി; യുവാവ് അറസ്റ്റില്‍
reporter

ലണ്ടന്‍: റിഫോം യുകെ നേതാവും പാര്‍ലമെന്റ് അംഗവുമായ നൈജല്‍ ഫരാജിനെ വെടിവെച്ച് കൊല്ലുമെന്ന് സമൂഹമാധ്യമമായ എക്സില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഇരുപതുകാരനെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് എട്ടിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചൊവ്വാഴ്ച നോര്‍ത്ത് ലണ്ടനില്‍നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രാദേശിക കൗണ്‍സില്‍, മേയര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. പാര്‍ലമെന്റ് അംഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന സംശയത്തിലാണ് അറസ്റ്റ്. ചോദ്യംചെയ്യലിനു ശേഷം അന്വേഷണവിധേയമായി യുവാവിനെ ജാമ്യത്തില്‍ വിട്ടു. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.

റിഫോം യുകെ വക്താവ് ആന്‍ വിഡ്ഡെകോംബ് ഡെവണിലെ വസതിയില്‍ കൊല്ലപ്പെട്ട സംഭവത്തിന് ആറുദിവസത്തിനുശേഷമാണ് അറസ്റ്റ്. വിഡ്ഡെകോംബിന്റെ മരണവുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധ വിഭാഗം അന്വേഷണം തുടരുകയാണ്. പാര്‍ലമെന്ററി ലൈസണ്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് അറസ്റ്റിന്റെ വിവരം നൈജല്‍ ഫരാജിനെ അറിയിച്ചത്. ''എനിക്കെതിരായ ഒരു സമൂഹമാധ്യമ പോസ്റ്റില്‍ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുന്നത് ഇതാദ്യമാണ്. ഈ വര്‍ഷം മാത്രം ലഭിച്ച നൂറുകണക്കിന് സമാന ഭീഷണിസന്ദേശങ്ങളും പൊലീസ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,'' ഫരാജ് പ്രതികരിച്ചു. ''നിങ്ങള്‍ വിജയിച്ചാല്‍ നിങ്ങളെ തലയില്‍ വെടിവെച്ച് കൊല്ലും'' എന്നായിരുന്നു എക്സില്‍ പോസ്റ്റ് ചെയ്ത ഭീഷണി സന്ദേശമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റിഫോം യുകെ അധികാരത്തിലെത്തിയാല്‍ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മുഴുവന്‍ സമയ സുരക്ഷ ഒരുക്കുമെന്ന് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യ വക്താവ് സിയ യൂസഫ് പ്രഖ്യാപിച്ചു. ''നൈജല്‍ ഫരാജ് നിരന്തരം ജീവഭീഷണിയുടെ നിഴലിലാണ് കഴിയുന്നത്. അദ്ദേഹത്തിന് ശക്തമായ സുരക്ഷ ആവശ്യമില്ലെന്ന് പറയുന്നവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കണം,'' സിയ യൂസഫ് പറഞ്ഞു.

 
Other News in this category

 
 




 
Close Window