Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4498 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 20th Jul 2026
 
 
UK Special
  Add your Comment comment
കെയര്‍ ഹോം ഫീസ് ഒഴിവാക്കാമെന്ന് വാഗ്ദാനം; 115 വയോധികരില്‍നിന്ന് 150 കോടി രൂപ തട്ടിയ രണ്ടുപേര്‍ക്ക് തടവ്
reporter

ലണ്ടന്‍: കെയര്‍ ഹോം ഫീസ് ഒഴിവാക്കാമെന്നും കുടുംബസ്വത്ത് സുരക്ഷിതമാക്കാമെന്നും വാഗ്ദാനം ചെയ്ത് 115 വയോധികരില്‍നിന്ന് 11.57 ദശലക്ഷം പൗണ്ട് (ഏകദേശം 150.3 കോടി രൂപ) തട്ടിയ കേസില്‍ രണ്ടുപേര്‍ക്ക് തടവുശിക്ഷ. ബ്രിട്ടിഷ് പൗരനായ സ്റ്റീവന്‍ ലോങ്ങിന് എട്ട് വര്‍ഷവും കൂട്ടുപ്രതി റെയ്മണ്ട് സിംപ്‌സണിന് അഞ്ച് വര്‍ഷവും നാല് മാസവുമാണ് ലണ്ടനിലെ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. 2008 മുതല്‍ 2018 വരെ 'യൂണിവേഴ്‌സല്‍ വെല്‍ത്ത് പ്രിസര്‍വേഷന്‍' (യുഡബ്ല്യുപി) എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു പ്രതികളുടെ പ്രവര്‍ത്തനം. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലുള്ള വയോധികരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടത്. വീടുകളും സമ്പാദ്യവും ട്രസ്റ്റുകളുടെ പേരിലാക്കിയാല്‍ കുടുംബസ്വത്ത് സംരക്ഷിക്കാമെന്നും ഭാവിയിലെ കെയര്‍ ഹോം ചെലവുകള്‍ ഒഴിവാക്കാമെന്നും വിശ്വസിപ്പിച്ചാണ് ആളുകളെ പദ്ധതിയില്‍ ചേര്‍ത്തത്.

ആഡംബര ഹോട്ടലുകളില്‍ സെമിനാറുകളും പ്രഫഷനല്‍ അവതരണങ്ങളും സംഘടിപ്പിച്ചാണ് പ്രതികള്‍ ഉപഭോക്താക്കളുടെ വിശ്വാസം നേടിയത്. തുടര്‍ന്ന് അവരുടെ വീടുകളും നിക്ഷേപങ്ങളും ട്രസ്റ്റുകളുടെ നിയന്ത്രണത്തിലേക്ക് മാറ്റി. സുരക്ഷിതമായി നിക്ഷേപിക്കാമെന്ന പേരില്‍ സ്വീകരിച്ച പണം അപകടസാധ്യതയേറിയ വിദേശ നിക്ഷേപങ്ങളിലേക്കും പ്രതികളുടെ സ്വകാര്യ ബിസിനസ് ആവശ്യങ്ങള്‍ക്കുമായി വകമാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഉപഭോക്താക്കളുടെ പണം വിദേശയാത്രകള്‍, ആഡംബര ജീവിതം, വാടകവീടുകള്‍ തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. സഫോക് സ്വദേശികളായ ഡൊണാള്‍ഡ്-ഒലിവ് മാത്യൂസ് ദമ്പതികളുടെ കുടുംബവും തട്ടിപ്പിനിരയായി. ഇവരുടെ വീട് പിന്നീട് 2.60 ലക്ഷം പൗണ്ടിന് (ഏകദേശം 3.37 കോടി രൂപ) വിറ്റെങ്കിലും അവകാശികള്‍ക്ക് പണം ലഭിച്ചില്ല. മറ്റൊരു കുടുംബത്തിന് ലഭിക്കേണ്ട 84,000 പൗണ്ടും (ഏകദേശം 1.09 കോടി രൂപ) ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ദീര്‍ഘകാലം നീണ്ട അന്വേഷണത്തിനൊടുവില്‍ സ്റ്റീവന്‍ ലോങ് രണ്ട് തട്ടിപ്പുകുറ്റങ്ങള്‍ സമ്മതിച്ചു. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സമ്പാദിച്ച വയോധികരുടെ വിശ്വാസമാണ് പ്രതികള്‍ ദുരുപയോഗം ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ട്രസ്റ്റ്, എസ്റ്റേറ്റ് പ്ലാനിങ് ഉപദേശമേഖല പൂര്‍ണമായും നിയമനിയന്ത്രണത്തിന് കീഴിലല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കെയര്‍ ഹോം ഫീസ് ഒഴിവാക്കാമെന്നും സ്വത്ത് പൂര്‍ണമായി സംരക്ഷിക്കാമെന്നും വാഗ്ദാനം ചെയ്ത് വീടോ സമ്പാദ്യമോ ട്രസ്റ്റിന്റെ പേരിലാക്കാന്‍ ആവശ്യപ്പെടുന്ന പദ്ധതികളില്‍ ജാഗ്രത പാലിക്കണമെന്നും തീരുമാനമെടുക്കും മുന്‍പ് സ്വതന്ത്ര നിയമോപദേശം തേടണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു

 
Other News in this category

 
 




 
Close Window