ലണ്ടന്‍: റിഫോം യുകെ നേതാവ് നൈജല്‍ ഫാരാജിന്റെ രാജിയെ തുടര്‍ന്ന് നടക്കുന്ന ഇംഗ്ലണ്ടിലെ ക്ലാക്ടണ്‍ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ 34 സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ആധുനിക ബ്രിട്ടന്റെ ചരിത്രത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളാണിതെന്ന് ടെന്‍ഡ്രിങ് ജില്ലാ കൗണ്‍സില്‍ അറിയിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരിശോധനയും പാര്‍ലമെന്ററി അന്വേഷണവും നേരിട്ടതിനെ തുടര്‍ന്ന് ജൂലൈ ഏഴിനാണ് ഫാരാജ് എംപി സ്ഥാനം രാജിവച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍നിന്ന് വീണ്ടും ജനവിധി തേടുകയാണ് അദ്ദേഹം. ഓഗസ്റ്റ് 13നാണ് വോട്ടെടുപ്പ്. ഫാരാജ് റിഫോം യുകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ലേബര്‍, കണ്‍സര്‍വേറ്റീവ്, ലിബറല്‍ ഡെമോക്രാറ്റ്‌സ്, ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ പ്രധാന വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. മത്സരരംഗത്തുള്ള 34 പേരില്‍ 20 പേര്‍ സ്വതന്ത്രരാണ്.
മോണ്‍സ്റ്റര്‍ റേവിങ് ലൂണി പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. ജനശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്ത പേരുകളിലും പ്രചാരണരീതികളിലും മത്സരിക്കുന്ന നിരവധി സ്ഥാനാര്‍ഥികളും പട്ടികയിലുണ്ട്. കൗണ്ട് ബിന്‍ഫേസും നടനും റിക്ലെയിം പാര്‍ട്ടി നേതാവുമായ ലോറന്‍സ് ഫോക്‌സുമാണ് ഫാരാജിന്റെ ശ്രദ്ധേയരായ എതിരാളികള്‍. 2008 ജൂലൈയില്‍ നടന്ന ഹാല്‍ട്ടംപ്രൈസ് ആന്‍ഡ് ഹൗഡന്‍ ഉപതിരഞ്ഞെടുപ്പിലെ 26 സ്ഥാനാര്‍ഥികളെന്ന റെക്കോര്‍ഡാണ് ക്ലാക്ടണ്‍ മറികടന്നത്. കണ്‍സര്‍വേറ്റീവ് നേതാവ് ഡേവിഡ് ഡേവിസ് രാജിവച്ചതിനെ തുടര്‍ന്നായിരുന്നു അന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.
സ്ഥാനാര്‍ഥികള്‍: ജോസഫ് 77 (സ്വതന്ത്രന്‍), അദ്ഹം അല്‍ഖതീബ് (ദി ഫോര്‍വേഡ് പാര്‍ട്ടി), കൗണ്ട് ബിന്‍ഫേസ് (കൗണ്ട് ബിന്‍ഫേസ് പാര്‍ട്ടി), നിക്ക് ദ ഇന്‍ക്രെഡിബിള്‍ ഫ്‌ലയിങ് ബ്രിക് (ദി ഓഫിഷ്യല്‍ മോണ്‍സ്റ്റര്‍ റേവിങ് ലൂണി പാര്‍ട്ടി), ടോണി കെയ്ന്‍ (സ്വതന്ത്രന്‍), വോക്ക് ട്രംപ് കാര്‍സി (സ്വതന്ത്രന്‍), വില്യം സ്റ്റുവര്‍ട്ട് ജെയിംസ് ക്ലൗസ്റ്റണ്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), റീസ് കൗണ്‍ (സ്വതന്ത്രന്‍), ഗ്ലെന്‍ ചാള്‍സ് കമ്മിങ്‌സ് (സ്വതന്ത്രന്‍), മാര്‍ട്ടിന്‍ ഡേവീസ് (ഫ്രീഡം അലയന്‍സ്), ആന്‍ഡി എര്‍ലം (സ്വതന്ത്രന്‍), നൈജല്‍ ഫാരാജ് (റിഫോം യുകെ), അത്തിയെ ഫാര്‍ദ് (സ്വതന്ത്ര), ലോറന്‍സ് ഫോക്‌സ് (റിക്ലെയിം പാര്‍ട്ടി), ടോണി ഫ്രാന്‍സിസ് (സ്വതന്ത്രന്‍), റോബിന്‍ ഗ്രീന്‍ (സ്വതന്ത്രന്‍), അബി ഹുക്ക്വേ (സ്വതന്ത്ര), ഹൗളിങ് ലൗഡ് ഹോപ്പ് (ദി ഓഫിഷ്യല്‍ മോണ്‍സ്റ്റര്‍ റേവിങ് ലൂണി പാര്‍ട്ടി), സ്റ്റീഫന്‍ റിച്ചാര്‍ഡ് ഇന്‍ഗ്രം (സ്വതന്ത്രന്‍), എമി മോറിസ് (സ്വതന്ത്ര), ഡെറിക് നോര്‍ബര്‍ട്ട് മോറിസ് (സ്വതന്ത്രന്‍), മൈക്കല്‍ നോയല്‍ ഒകീഫ് (സ്വതന്ത്രന്‍), മാര്‍ട്ടിന്‍ ഒബ്രയന്‍ (സ്വതന്ത്രന്‍), നിക്ക് പെലാസ് (സ്വതന്ത്രന്‍), കേതന്‍കുമാര്‍ പിപാലിയ (യുകെ വോയ്‌സ്), ഡാനിയല്‍ പോക്കോക്ക് (സ്വതന്ത്രന്‍), ജെയിംസ് റാന്‍സ്ലി (കണ്‍സെന്‍സസ് പാര്‍ട്ടി), ജെറി സ്മിത്ത് (സ്വതന്ത്രന്‍), കൈ സ്റ്റീഫന്‍സ് (ബ്രിട്ടീഷ് ഡെമോക്രാറ്റ്‌സ്), ജോണ്‍ സ്റ്റീവന്‍സ് (റീജോയിന്‍ ഇയു), ബാരണ്‍ വോണ്‍ തണ്ടര്‍ക്ലാപ് (ദി ഓഫിഷ്യല്‍ മോണ്‍സ്റ്റര്‍ റേവിങ് ലൂണി പാര്‍ട്ടി), പമേല വാള്‍ഫോര്‍ഡ് (സ്വതന്ത്ര), മാര്‍ക്കസ് വൈറ്റ് (എവരിവണ്‍ ഈസ് ഗോഡ് പാര്‍ട്ടി), മാര്‍ക്ക് വില്‍ക്കിന്‍സണ്‍ (സ്വതന്ത്രന്‍).