ലണ്ടന്‍: കീര്‍ സ്റ്റാര്‍മര്‍ സുപ്രധാന പദ്ധതിയായി അവതരിപ്പിച്ച ഡിജിറ്റല്‍ ഐഡി പദ്ധതി റദ്ദാക്കാനൊരുങ്ങി ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. സര്‍ക്കാര്‍ നയങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബേണ്‍ഹാം തിങ്കളാഴ്ച പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ പുനര്‍നിര്‍ണയിക്കുമെന്നും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പൊതുപണം വിനിയോഗിക്കുമെന്നും ബേണ്‍ഹാമിന്റെ സംഘം വ്യക്തമാക്കി. ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള രേഖയായാണ് സ്റ്റാര്‍മര്‍ ഡിജിറ്റല്‍ ഐഡി പദ്ധതി അവതരിപ്പിച്ചത്. അനധികൃത കുടിയേറ്റവും നിയമവിരുദ്ധ തൊഴിലും നിയന്ത്രിക്കുകയെന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എന്നാല്‍ ബേണ്‍ഹാം അധികാരമേല്‍ക്കുന്നതോടെ പദ്ധതി ഉപേക്ഷിക്കാനാണ് തീരുമാനം. ദേശീയ ഡിജിറ്റല്‍ ഐഡി പദ്ധതിക്കായി നീക്കിവച്ച സമയവും വിഭവങ്ങളും ജീവിതച്ചെലവ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ജനങ്ങളെ സഹായിക്കുന്നതിനായി ഉപയോഗിക്കുമെന്ന് ബേണ്‍ഹാമിന്റെ വക്താവ് അറിയിച്ചു. മൂന്ന് വര്‍ഷത്തിനിടെ പദ്ധതിക്ക് 1.8 ബില്യണ്‍ പൗണ്ട് ചെലവ് വരുമെന്നായിരുന്നു കണക്കാക്കിയത്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍ബന്ധിത ഡിജിറ്റല്‍ ഐഡി എന്ന നിര്‍ദേശം സ്റ്റാര്‍മര്‍ നേരത്തേതന്നെ പിന്‍വലിച്ചിരുന്നതായി ഷാഡോ ടെക്‌നോളജി സെക്രട്ടറി ജൂലിയ ലോപ്പസ് പ്രതികരിച്ചു. നേരത്തേ മാറ്റിവച്ച പദ്ധതി താനാണ് റദ്ദാക്കിയതെന്ന് അവകാശപ്പെടുന്നതിനു പകരം അതിനായി ഇതിനകം എത്ര പണം ചെലവഴിച്ചുവെന്ന് ബേണ്‍ഹാം വ്യക്തമാക്കണമെന്നും ജൂലിയ ലോപ്പസ് ആവശ്യപ്പെട്ടു.