Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
UK Special
  Add your Comment comment
ഗേള്‍ഗൈഡിങ് യൂണിഫോമിന് സമഗ്രമാറ്റം; ഇഷ്ടാനുസരണം വസ്ത്രം തിരഞ്ഞെടുക്കാം
reporter

ലണ്ടന്‍: യുകെയിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഏറ്റവും വലിയ സന്നദ്ധ യുവജന സംഘടനയായ ഗേള്‍ഗൈഡിങ്, മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി മുഴുവന്‍ യൂണിഫോം ശ്രേണിയും നവീകരിച്ചു. അംഗങ്ങള്‍ക്ക് സ്വന്തം അഭിരുചിക്കും സൗകര്യത്തിനും അനുസരിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രൂപകല്‍പന. 1990നുശേഷം ആദ്യമായാണ് സംഘടനയുടെ എല്ലാ വിഭാഗങ്ങളുടെയും യൂണിഫോമുകള്‍ ഒരുമിച്ച് പുതുക്കുന്നത്. പുതിയ ശേഖരത്തില്‍ 30 വസ്ത്രങ്ങളും 15 അനുബന്ധ സാമഗ്രികളും ഉള്‍പ്പെടുന്നു. പുതിയ ശ്രേണിയില്‍നിന്നുള്ള ഏതെങ്കിലും ഒരു ടോപ്പ് ധരിച്ചാല്‍ അത് സംഘടനയുടെ ഔദ്യോഗിക യൂണിഫോമാവും. ഒളിപ്പിച്ച പോക്കറ്റുകള്‍, തമ്പ് ഹോളുകള്‍, ക്രോസ്ബോഡി ബാഗായും ഉപയോഗിക്കാവുന്ന ബാഡ്ജ് സാഷുകള്‍ തുടങ്ങിയ സൗകര്യങ്ങളും പുതിയ ഡിസൈനുകളുടെ പ്രത്യേകതയാണ്.

ടി-ഷര്‍ട്ടുകളുടെ വില 12 പൗണ്ടില്‍ തുടങ്ങും. പുതിയ യൂണിഫോം അവതരിപ്പിച്ചതിനാല്‍ നിലവിലുള്ളവ ഉടന്‍ മാറ്റേണ്ടതില്ലെന്ന് ഗേള്‍ഗൈഡിങ് വ്യക്തമാക്കി. പഴയ യൂണിഫോം തുടര്‍ന്നും ഉപയോഗിക്കാമെന്നും പുതിയത് ആവശ്യമായി വരുമ്പോള്‍ മാത്രം വാങ്ങിയാല്‍ മതിയെന്നും സംഘടന അറിയിച്ചു. 1910ല്‍ സ്ഥാപിതമായ ഗേള്‍ഗൈഡിങ് പ്രസ്ഥാനത്തില്‍ നാല് മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി റെയിന്‍ബോസ്, ബ്രൗണീസ്, ഗൈഡ്‌സ്, റേഞ്ചേഴ്‌സ് എന്നീ വിഭാഗങ്ങളുണ്ട്. പെണ്‍കുട്ടികളില്‍ നേതൃത്വശേഷി, ആത്മവിശ്വാസം, ജീവിതനൈപുണ്യങ്ങള്‍, സാഹസികത, സാമൂഹിക പ്രതിബദ്ധത എന്നിവ വളര്‍ത്തുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. യുകെയിലുടനീളം ആയിരക്കണക്കിന് പ്രാദേശിക യൂണിറ്റുകളുള്ള ഗേള്‍ഗൈഡിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ാനന്തര ക്ലബ്ബുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, പ്രാദേശിക കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

ആയിരക്കണക്കിന് അംഗങ്ങളില്‍നിന്ന് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ യൂണിഫോം രൂപകല്‍പന ചെയ്തതെന്ന് സംഘടന അറിയിച്ചു. പ്രായോഗികത, സൗകര്യം, സുസ്ഥിരത എന്നിവയ്ക്കാണ് രൂപകല്‍പനയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഫെലിസിറ്റി ഓസ്വാള്‍ഡ് പറഞ്ഞു. ജൂണില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ആറു മുതല്‍ 16 വയസ്സുവരെയുള്ള പെണ്‍കുട്ടികളില്‍ 93 ശതമാനവും സ്വന്തം ശൈലിക്ക് അനുയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കാന്‍ കഴിയുമ്പോഴാണ് കൂടുതല്‍ ആത്മവിശ്വാസവും സൗകര്യവും അനുഭവപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടു. പുതിയ യൂണിഫോം പെണ്‍കുട്ടികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സ്വന്തം വ്യക്തിത്വം ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാന്‍ കൂടുതല്‍ അവസരമൊരുക്കുമെന്ന് സംഘടനയുടെ അംബാസഡറും അവതാരകയുമായ ആന്‍ജലിക്ക ബെല്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window