Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
UK Special
  Add your Comment comment
യുക്രെയ്നുള്ള പിന്തുണയില്‍ മാറ്റമില്ല; സെലെന്‍സ്‌കിയെ ആദ്യ വിദേശ അതിഥിയായി സ്വീകരിച്ച് ബേണെം
reporter

ലണ്ടന്‍: പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷമുള്ള ആദ്യ വിദേശ അതിഥിയായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ആന്‍ഡി ബേണെം ഇന്ന് സ്വീകരിക്കും. റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രെയ്നുള്ള ബ്രിട്ടന്റെ പിന്തുണയില്‍ മാറ്റമുണ്ടാകില്ലെന്ന് സന്ദര്‍ശനത്തിനു മുന്നോടിയായി ബേണെം പ്രഖ്യാപിച്ചു. ബ്രിട്ടനും യുക്രെയ്നും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതീകമാണ് സെലെന്‍സ്‌കിയുടെ സന്ദര്‍ശനമെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുനേതാക്കളും ബ്രിട്ടനിലെ ഒരു നാവിക താവളം സന്ദര്‍ശിക്കും. ബ്രിട്ടന്‍ വികസിപ്പിച്ച അത്യാധുനിക ഇലക്ട്രോണിക് യുദ്ധസാങ്കേതികവിദ്യയായ 'സ്റ്റോണ്‍ ക്ലോക്കി'ന്റെ ബൗദ്ധിക സ്വത്തവകാശം യുക്രെയ്നുമായി പങ്കിടുമെന്ന് ബേണെം അവിടെ പ്രഖ്യാപിക്കും. ഇതോടെ ഈ ഉപകരണങ്ങള്‍ യുക്രെയ്നിന് സ്വന്തം നിലയില്‍ വന്‍തോതില്‍ നിര്‍മിക്കാന്‍ കഴിയും.

ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെ വലുപ്പമുള്ള ഇലക്ട്രോണിക് ജാമറുകളാണ് സ്റ്റോണ്‍ ക്ലോക്ക് ഉപകരണങ്ങള്‍. ഡ്രോണുകളെ ശത്രുവിന്റെ റഡാറുകളില്‍നിന്ന് മറയ്ക്കാനും കണ്ടെത്തല്‍ തടയാനും ഇവ സഹായിക്കും. ആയിരക്കണക്കിന് സ്റ്റോണ്‍ ക്ലോക്ക് ഉപകരണങ്ങള്‍ ബ്രിട്ടന്‍ ഇതിനകം യുക്രെയ്നിന് കൈമാറിയിട്ടുണ്ട്. ''യുക്രെയ്നിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ബ്രിട്ടന്‍ നിലകൊള്ളുന്നു. ഞങ്ങളുടെ പിന്തുണയില്‍ മാറ്റമുണ്ടാകില്ല. ദീര്‍ഘകാലവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നതുവരെ ഞങ്ങള്‍ പിന്തിരിയില്ല,'' എന്ന് ബേണെം പറഞ്ഞു. യുക്രെയ്നിലെ യുദ്ധഭൂമിയില്‍ പരീക്ഷിച്ചു വിജയിച്ച ബ്രിട്ടിഷ് സാങ്കേതികവിദ്യയാണ് സ്റ്റോണ്‍ ക്ലോക്കെന്നും ഭാവിയില്‍ ബ്രിട്ടന്‍ വികസിപ്പിക്കുന്ന ദീര്‍ഘദൂര ആയുധ പദ്ധതികളിലും ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മൂന്നാഴ്ചയായി ബ്രിട്ടനില്‍ നടന്നുവരുന്ന 'സി ബ്രീസ്സ്' സംയുക്ത നാവിക പരിശീലനത്തില്‍ പങ്കെടുത്ത ഇരുനൂറിലേറെ യുക്രെയ്ന്‍ സൈനികരെയും ബേണെവും സെലെന്‍സ്‌കിയും സന്ദര്‍ശിക്കും. കരിങ്കടലിലെ യുദ്ധശേഷിയും കടല്‍മൈന്‍ പ്രതിരോധശേഷിയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രെയ്നിന് ബ്രിട്ടന്‍ ഇതുവരെ 25 ബില്യന്‍ പൗണ്ടിന്റെ സഹായം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നടത്തിയ ആദ്യ രാജ്യാന്തര ഫോണ്‍വിളികളിലൊന്നിലാണ് ബേണെം സെലെന്‍സ്‌കിയെ ബ്രിട്ടനിലേക്ക് ക്ഷണിച്ചത്. യുക്രെയ്നുള്ള ബ്രിട്ടന്റെ പിന്തുണ ഉറച്ചുനില്‍ക്കുമെന്ന അറിയിപ്പ് വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് സെലെന്‍സ്‌കി അന്ന് പ്രതികരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുടെ ഭരണകാലത്തും യുക്രെയ്നുള്ള ബ്രിട്ടന്റെ പിന്തുണ ശക്തമായിരുന്നു. പ്രധാനമന്ത്രിപദം ഒഴിയുന്നതിനുമുമ്പുള്ള അവസാന വിദേശസന്ദര്‍ശനമായി കീവിലെത്തിയ സ്റ്റാര്‍മര്‍ 255 മില്യന്‍ പൗണ്ടിന്റെ അധികസഹായം പ്രഖ്യാപിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ യുക്രെയ്നിന്റെ 'ഓര്‍ഡര്‍ ഓഫ് ഫ്രീഡം' ബഹുമതിയും അദ്ദേഹം ഏറ്റുവാങ്ങി.

 
Other News in this category

 
 




 
Close Window