Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
UK Special
  Add your Comment comment
ആറുമാസത്തില്‍ 3.05 ലക്ഷം സ്ത്രീകള്‍; സൗജന്യ അടിയന്തര ഗര്‍ഭനിരോധന പദ്ധതിക്ക് വന്‍ സ്വീകാര്യത
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ അടിയന്തര ഗര്‍ഭനിരോധന ഗുളിക എന്‍എച്ച്എസ് വഴി സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് വന്‍ സ്വീകാര്യത. 2025 ഒക്ടോബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള ആറുമാസത്തിനിടെ 3.05 ലക്ഷത്തോളം സ്ത്രീകള്‍ ഹൈസ്ട്രീറ്റ് ഫാര്‍മസികളിലൂടെ സേവനം പ്രയോജനപ്പെടുത്തിയതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗര്‍ഭനിരോധന സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2025 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനുശേഷമുള്ള ഗര്‍ഭധാരണ സാധ്യത കുറയ്ക്കാന്‍ ഉപയോഗിക്കുന്ന അടിയന്തര ഗര്‍ഭനിരോധന ഗുളികയാണ് പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാക്കുന്നത്.

ജിപിയുടെയോ ലൈംഗികാരോഗ്യ ക്ലിനിക്കിന്റെയോ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ സമീപത്തെ ഫാര്‍മസിയില്‍നിന്ന് സേവനം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഫാര്‍മസിസ്റ്റിന്റെ രഹസ്യ കൗണ്‍സലിങ്ങിനുശേഷം അതേ ദിവസംതന്നെ മരുന്ന് നല്‍കും. സ്ഥിരമായി ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ച് ഫാര്‍മസിസ്റ്റുകളുടെ ഉപദേശം തേടുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. ഒരു വര്‍ഷത്തിനിടെ ഇത്തരം സേവനം ഉപയോഗിച്ചവരുടെ എണ്ണം 50,000ല്‍നിന്ന് 1.15 ലക്ഷത്തിലേറെയായി ഉയര്‍ന്നു. വനിതകളുടെ ആരോഗ്യപരിചരണ രംഗത്തെ സുപ്രധാന മുന്നേറ്റമാണ് പദ്ധതിയെന്ന് എന്‍എച്ച്എസിന്റെ വനിതാ ആരോഗ്യവിഭാഗം ദേശീയ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. സ്യൂ മാന്‍ പറഞ്ഞു. അപ്പോയിന്റ്‌മെന്റോ ദീര്‍ഘമായ കാത്തിരിപ്പോ ഇല്ലാതെ, പ്രത്യേകിച്ച് പിന്നാക്ക മേഖലകളിലെ സ്ത്രീകള്‍ക്ക് വീടിനടുത്തുള്ള ഫാര്‍മസികളില്‍നിന്ന് ഗര്‍ഭനിരോധന സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായും അവര്‍ വ്യക്തമാക്കി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ എന്‍എച്ച്എസ് വഴി അടിയന്തര ഗര്‍ഭനിരോധന ഗുളികയ്ക്കായി നല്‍കിയ കുറിപ്പടികളുടെ എണ്ണം ഏകദേശം 1.5 ലക്ഷം മാത്രമായിരുന്നു. സൗജന്യ ഫാര്‍മസി സേവനം ആരംഭിച്ചതോടെ ആറുമാസത്തിനുള്ളില്‍തന്നെ ഇതിന്റെ ഇരട്ടിയിലേറെ സ്ത്രീകള്‍ സേവനം പ്രയോജനപ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window