Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസില്‍ വെള്ളക്കാരല്ലാത്ത ജീവനക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം വര്‍ധിക്കുന്നു; റിപ്പോര്‍ട്ടുമായി റേഡിയോഗ്രാഫേഴ്സ് സംഘടന
reporter

ലണ്ടന്‍: യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) ജോലി ചെയ്യുന്ന വെള്ളക്കാരല്ലാത്ത മെഡിക്കല്‍ ജീവനക്കാര്‍ക്കെതിരായ വംശീയ അധിക്ഷേപങ്ങളും വിവേചനങ്ങളും വര്‍ധിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. 'വൃത്തികെട്ട വിദേശികള്‍', 'കുരങ്ങന്‍' തുടങ്ങിയ അപമാനകരമായ പരാമര്‍ശങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവരുന്നതായും കഴിഞ്ഞ 18 മാസത്തിനിടെ ഇത്തരം സംഭവങ്ങളില്‍ വലിയ വര്‍ധനയുണ്ടായതായും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് (SoR) വ്യക്തമാക്കി. വെള്ളക്കാരല്ലാത്ത ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ചികിത്സ സ്വീകരിക്കാന്‍ ചില രോഗികള്‍ വിസമ്മതിക്കുന്ന സാഹചര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വംശീയതയും വിവേചനവും ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും എന്‍എച്ച്എസില്‍ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നും SoR ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി ആന്‍ഡ് മെമ്പര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡീന്‍ റോജേഴ്സ് പറഞ്ഞു.

എന്‍എച്ച്എസില്‍ അന്താരാഷ്ട്രതലത്തില്‍ പരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. 15 ലക്ഷത്തിലധികം ജീവനക്കാരുള്ള എന്‍എച്ച്എസില്‍ ഏകദേശം 45,000 പേര്‍ ഇന്ത്യന്‍ വംശജരാണെന്നാണ് കണക്കുകള്‍. നിലവില്‍ എന്‍എച്ച്എസ് ജീവനക്കാരില്‍ ഏകദേശം 21 ശതമാനം പേരും ബ്രിട്ടീഷ് പൗരന്മാരല്ല. വിദേശരാജ്യങ്ങളില്‍നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം എന്‍എച്ച്എസിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനും സേവനവിതരണത്തിനും നിര്‍ണായകമാണെന്നിരിക്കെയാണ് ഇവര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്നത്. മിഡ്ലാന്‍ഡില്‍ ജോലി ചെയ്യുന്ന ഏഷ്യന്‍ വംശജനായ ഒരു സോണോഗ്രാഫര്‍ സര്‍വേയില്‍ പങ്കുവച്ച അനുഭവം ആശങ്കാജനകമാണ്. ''ഈ രാജ്യം പഴയതുപോലെയല്ല. എല്ലാവരും ഇവിടെ വന്ന് ഞങ്ങളുടെ ജോലികള്‍ ഏറ്റെടുക്കുകയാണ്'' എന്ന് ചില രോഗികള്‍ പരസ്യമായി പറയാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങളിലും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങളിലും ഉയരുന്ന കുടിയേറ്റവിരുദ്ധ പരാമര്‍ശങ്ങള്‍ ആളുകളെ കൂടുതല്‍ ധൈര്യപ്പെടുത്തുന്നതായും വംശീയ അധിക്ഷേപങ്ങള്‍ സാധാരണവത്കരിക്കപ്പെടുന്നതിന് ഇത് കാരണമാകുന്നതായും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. വംശീയ സംഭവങ്ങളില്‍ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളെയും ഉത്തരവാദികളാക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് അറിയിച്ചു. ഓരോ സംഭവവും കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോയെന്നും പരാതികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും നിരീക്ഷിക്കാന്‍ ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സംഘടന വ്യക്തമാക്കി. ജീവനക്കാര്‍ പരാതിപ്പെട്ട ശേഷവും ആവശ്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും പരാതിക്കാര്‍ക്കെതിരെ പ്രതികാരനടപടി ഉണ്ടാകാതിരിക്കാന്‍ സംരക്ഷണം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും യുകെയിലെ പ്രധാന പ്രതിനിധി സംഘടനയായ ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (BAPIO) എന്‍എച്ച്എസിലെ വംശീയ പെരുമാറ്റത്തെ ശക്തമായി അപലപിച്ചു. എന്‍എച്ച്എസിന്റെ വളര്‍ച്ചയിലും നിലനില്‍പ്പിലും വംശീയ ന്യൂനപക്ഷങ്ങളില്‍പ്പെട്ട ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സംഘടന ഓര്‍മിപ്പിച്ചു. വംശമോ ലിംഗഭേദമോ നോക്കാതെ എല്ലാവര്‍ക്കും ചികിത്സ നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പൂര്‍ണ ബഹുമാനവും സുരക്ഷിതവും ഭയരഹിതവുമായ തൊഴില്‍ സാഹചര്യവുമാണ് അര്‍ഹിക്കുന്നതെന്നും ബാപിയോ വ്യക്തമാക്കി. വെള്ളക്കാരല്ലാത്ത ജീവനക്കാര്‍ നേരിടുന്ന വിവേചനവും അധിക്ഷേപവും തടയാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ കര്‍ശനമായ നിരീക്ഷണവും ഫലപ്രദമായ പരാതിപരിഹാര സംവിധാനവും ശക്തമായ നടപടികളും ഉറപ്പാക്കണമെന്നാണ് പ്രൊഫഷണല്‍ സംഘടനകളുടെ ആവശ്യം.

 
Other News in this category

 
 




 
Close Window