Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
UK Special
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഡ്രൈവിങ് നിയമങ്ങളില്‍ വന്‍മാറ്റം; ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ ജിഡിഎല്‍ സംവിധാനം
reporter

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡ്രൈവിങ് ലൈസന്‍സിങ്, പരിശീലനം, ടെസ്റ്റിങ് സംവിധാനങ്ങളില്‍ ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ തുടക്കമാകും. യുവ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള പുതിയ ഡ്രൈവര്‍മാരുടെ അപകടസാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാഡ്വേറ്റഡ് ഡ്രൈവര്‍ ലൈസന്‍സിങ് (ജിഡിഎല്‍) സംവിധാനമാണ് നടപ്പാക്കുന്നത്. പുതിയ നിയമപ്രകാരം 2026 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ കാര്‍ ഓടിക്കുന്നതിനുള്ള പ്രൊവിഷണല്‍ ലൈസന്‍സ് പ്രാബല്യത്തില്‍ വരുന്നവര്‍ പ്രാക്ടിക്കല്‍ ഡ്രൈവിങ് ടെസ്റ്റിന് മുമ്പ് കുറഞ്ഞത് ആറുമാസത്തെ നിര്‍ബന്ധിത പഠനകാലം പൂര്‍ത്തിയാക്കണം. സുരക്ഷിതമായ ഡ്രൈവിങ്ങിന് ആവശ്യമായ വിവിധ പരിശീലനങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക പരിശീലന പരിപാടിയും പൂര്‍ത്തിയാക്കണം. ഇതിന്റെ വിവരങ്ങള്‍ ലോഗ്ബുക്കില്‍ രേഖപ്പെടുത്തിയ ശേഷമേ പ്രാക്ടിക്കല്‍ ടെസ്റ്റിന് അര്‍ഹത ലഭിക്കൂ. മോട്ടോര്‍സൈക്കിള്‍ പഠിതാക്കള്‍ക്ക് ആറുമാസത്തെ നിര്‍ബന്ധിത പഠനകാലം ബാധകമല്ല. നിലവില്‍ ഡ്രൈവിങ് പഠിക്കുന്നവര്‍ക്ക് പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് ഇടക്കാല ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഒക്ടോബര്‍ ഒന്നിന് മുമ്പ് പ്രൊവിഷണല്‍ ലൈസന്‍സ് പ്രാബല്യത്തില്‍ വന്നവര്‍ക്ക് നിലവിലെ രീതിയില്‍ പരിശീലനം തുടരാനും 2027 മാര്‍ച്ച് 31 വരെ നിലവിലുള്ള രീതിയില്‍ പ്രാക്ടിക്കല്‍ ടെസ്റ്റ് എഴുതാനും കഴിയും. എന്നാല്‍ 2027 ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ പഠിതാക്കളും ജിഡിഎല്‍ പരിശീലനവും ലോഗ്ബുക്ക് നടപടികളും പൂര്‍ത്തിയാക്കേണ്ടിവരും.

പുതിയ സംവിധാനത്തിന്റെ ഭാഗമായി ലേണര്‍ ഡ്രൈവര്‍മാര്‍ക്കും പുതുതായി ലൈസന്‍സ് നേടിയവര്‍ക്കും നിലവിലുള്ള മണിക്കൂറില്‍ 45 മൈല്‍ എന്ന വേഗപരിധി ഒഴിവാക്കും. അതേസമയം, ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച ശേഷമുള്ള 'പുതിയ ഡ്രൈവര്‍' കാലയളവ് നിലവിലെ 12 മാസത്തില്‍നിന്ന് 24 മാസമായി ഉയര്‍ത്തും. ഈ കാലയളവിലുടനീളം വാഹനത്തില്‍ 'R' പ്ലേറ്റ് പ്രദര്‍ശിപ്പിക്കണം. 24 വയസ്സിന് താഴെയുള്ള പുതിയ ഡ്രൈവര്‍മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന രാത്രികാല യാത്രക്കാരുടെ നിയന്ത്രണമാണ് മറ്റൊരു പ്രധാന മാറ്റം. ടെസ്റ്റ് വിജയിച്ച ശേഷമുള്ള ആദ്യ ആറുമാസക്കാലത്ത് രാത്രി 11 മുതല്‍ രാവിലെ ആറുവരെ 14നും 20നും ഇടയില്‍ പ്രായമുള്ള ഒരാളെ മാത്രമേ യാത്രക്കാരനായി കൊണ്ടുപോകാന്‍ അനുവദിക്കൂ. അടുത്ത ബന്ധുക്കളെ ഈ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, മുന്‍സീറ്റില്‍ 21 വയസ്സോ അതിലധികമോ പ്രായമുള്ളതും കുറഞ്ഞത് മൂന്ന് വര്‍ഷമായി പൂര്‍ണ ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളതുമായ ഒരാള്‍ ഒപ്പമുണ്ടെങ്കില്‍ യാത്രക്കാരുടെ നിയന്ത്രണം ബാധകമാകില്ല. മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ക്കും ഈ വ്യവസ്ഥ ബാധകമല്ല.

പുതിയ 'R' പ്ലേറ്റ് സംവിധാനത്തിനും രണ്ട് ഘട്ടങ്ങളുണ്ടാകും. ടെസ്റ്റ് വിജയിച്ച ശേഷമുള്ള ആദ്യ ആറുമാസം വെള്ള പശ്ചാത്തലത്തില്‍ നീല നിറത്തിലുള്ള 'R' പ്ലേറ്റാണ് ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ശേഷിക്കുന്ന 18 മാസം നീല പശ്ചാത്തലത്തിലുള്ള വെള്ള 'R' പ്ലേറ്റ് പ്രദര്‍ശിപ്പിക്കണം. നിലവില്‍ ഒരു വര്‍ഷത്തേക്കാണ് 'R' പ്ലേറ്റ് നിര്‍ബന്ധമായിട്ടുള്ളത്. നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തെ പുതിയ ഡ്രൈവര്‍ കാലയളവില്‍ നിര്‍ബന്ധമായ 'R' പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതിരിക്കുകയോ ആദ്യ ആറുമാസത്തെ യാത്രക്കാരുടെ നിയന്ത്രണം ലംഘിക്കുകയോ ചെയ്താല്‍ പരമാവധി 1,000 പൗണ്ട് പിഴയും മൂന്ന് പെനാല്‍റ്റി പോയിന്റുകളും ലഭിക്കാം. ഈ മാറ്റങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മാത്രമാണ് നടപ്പാക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ വരുന്ന മാറ്റമായി ഇതിനെ കണക്കാക്കാനാകില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പുതിയ ഡ്രൈവര്‍മാരെയും പഠിതാക്കളെയുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

യുവ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടുന്ന ഗുരുതര അപകടങ്ങളുടെ ഉയര്‍ന്ന നിരക്കാണ് പരിഷ്‌കാരങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ 17 മുതല്‍ 23 വയസ്സുവരെയുള്ള കാര്‍ ഡ്രൈവര്‍മാര്‍ ഉത്തരവാദികളായ അപകടങ്ങളില്‍ 2024ല്‍ 164 പേര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തതായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഈ പ്രായക്കാര്‍ ആകെ ഡ്രൈവിങ് ലൈസന്‍സുകളുടെ എട്ട് ശതമാനം മാത്രമാണ് കൈവശംവയ്ക്കുന്നതെങ്കിലും ഗുരുതരവും മരണത്തിനിടയാക്കുന്നതുമായ അപകടങ്ങളുടെ 24 ശതമാനവുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നതായാണ് കണക്ക്. ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുക എന്നതില്‍ മാത്രം പരിശീലനം ഒതുങ്ങാതെ, സുരക്ഷിതമായി വാഹനം ഓടിക്കാന്‍ ആവശ്യമായ അനുഭവവും പരിശീലനവും പുതിയ ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കുകയാണ് ജിഡിഎല്‍ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window