ലണ്ടന്‍: കെയറര്‍ ജോലിക്കായി സ്‌കില്‍ഡ് വര്‍ക്കര്‍ വീസയില്‍ ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരന് കരാര്‍ പ്രകാരമുള്ള ജോലി സമയവും ശമ്പളവും നല്‍കാത്ത കേസില്‍ മെട്രോപൊളിറ്റന്‍ കെയര്‍ സര്‍വീസസ് ലിമിറ്റഡിനെതിരെ എംപ്ലോയ്മെന്റ് ട്രൈബ്യൂണലിന്റെ വിധി. പരാതിക്കാരനായ ജെ. പട്ടേലിന് £28,123 നഷ്ടപരിഹാരമായി നല്‍കാന്‍ ലണ്ടന്‍ ഈസ്റ്റ് എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. പട്ടേലിന്റെ പേരില്‍ വ്യാജ രേഖകള്‍ തയ്യാറാക്കി ഹോം ഓഫിസിന്റെ സ്‌പോണ്‍സര്‍ കംപ്ലയന്‍സ് സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കമ്പനി ശ്രമിച്ചതായും ട്രൈബ്യൂണല്‍ കണ്ടെത്തി. ലണ്ടന്‍ ഈസ്റ്റ് ഹിയറിങ് സെന്ററില്‍ എംപ്ലോയ്മെന്റ് ജഡ്ജ് എഫ്. സ്‌പെന്‍സറാണ് കേസ് പരിഗണിച്ചത്. 2026 ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി നാലുദിവസം വാദം കേട്ട ശേഷമാണ് റിസര്‍വ്ഡ് ജഡ്ജ്‌മെന്റ് പുറപ്പെടുവിച്ചത്. തന്റെ ഒപ്പുള്ളതായി കമ്പനി ഹാജരാക്കിയ നിരവധി രേഖകളില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും അവ മുമ്പ് കണ്ടിട്ടില്ലെന്നും പട്ടേല്‍ വാദിച്ചിരുന്നു. തെളിവുകള്‍ പരിശോധിച്ച ട്രൈബ്യൂണല്‍ ഈ വാദം അംഗീകരിച്ചു. ഹോം ഓഫിസിന്റെ സ്‌പോണ്‍സര്‍ കംപ്ലയന്‍സ് ടീമിനെ തെറ്റിദ്ധരിപ്പിക്കാനായി ചില രേഖകള്‍ തൊഴിലുടമ കൃത്രിമമായി സൃഷ്ടിച്ചതായും പിന്നീട് ഹാജരാക്കിയ ചില ടൈംഷീറ്റുകളും കെട്ടിച്ചമച്ചതാണെന്നും വിധിയില്‍ പറയുന്നു.
ആഴ്ചയില്‍ 45 മണിക്കൂര്‍ വാഗ്ദാനം; ലഭിച്ചത് വളരെ കുറവ്
2022 ഡിസംബര്‍ 29നാണ് പട്ടേലിനായി മെട്രോപൊളിറ്റന്‍ കെയര്‍ സര്‍വീസസ് സ്‌പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആഴ്ചയില്‍ കുറഞ്ഞത് 45 മണിക്കൂര്‍ ജോലി നല്‍കുമെന്നും വര്‍ഷം £25,600 ശമ്പളം ലഭിക്കുമെന്നും സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരുന്നു. 2023 ഫെബ്രുവരിയില്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലെത്തിയ പട്ടേല്‍, ഏപ്രില്‍ 19ന് തൊഴില്‍കരാറില്‍ ഒപ്പുവച്ചു. ഈ കരാറിലും ആഴ്ചയില്‍ 45 മണിക്കൂര്‍ ജോലിയും വര്‍ഷം £25,600 ശമ്പളവും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ടൈംഷീറ്റുകള്‍ പരിശോധിച്ച ട്രൈബ്യൂണല്‍ പല ആഴ്ചകളിലും കരാറില്‍ പറഞ്ഞതിനെക്കാള്‍ വളരെ കുറവ് മണിക്കൂറുകളാണ് പട്ടേലിന് ജോലി നല്‍കിയതെന്ന് കണ്ടെത്തി.
ജോലി സമയം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന കമ്പനിയുടെ വാദം തള്ളി
പട്ടേല്‍ ക്ഷീണിതനായതിനാല്‍ ജോലി സമയം ആഴ്ചയില്‍ 37.5 മണിക്കൂറായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതനുസരിച്ച് പുതിയ കരാറില്‍ ഒപ്പിട്ടിരുന്നുവെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ തനിക്ക് വീണ്ടും 45 മണിക്കൂര്‍ ജോലി നല്‍കണമെന്ന് പട്ടേല്‍ തൊഴിലുടമയോട് ആവശ്യപ്പെട്ട സന്ദേശങ്ങള്‍ ട്രൈബ്യൂണല്‍ പരിശോധിച്ചു. ജോലി സമയം കുറയ്ക്കണമെന്ന് പട്ടേല്‍ സ്വമേധയാ ആവശ്യപ്പെട്ടെന്ന കമ്പനിയുടെ വാദത്തിന് വിരുദ്ധമാണ് ഈ സന്ദേശങ്ങളെന്ന് ജഡ്ജി വിലയിരുത്തി. ആവശ്യത്തിന് ക്ലയന്റുകള്‍ ഇല്ലാത്തതിനാലാണ് പട്ടേലിന് 45 മണിക്കൂര്‍ ജോലി നല്‍കാതിരുന്നതെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി.
സ്‌പോണ്‍സര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു
യുകെ വീസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ മെട്രോപൊളിറ്റന്‍ കെയര്‍ സര്‍വീസസിന്റെ സ്‌പോണ്‍സര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റില്‍ ഉറപ്പുനല്‍കിയ ജോലി സമയവും അതനുസരിച്ചുള്ള ശമ്പളവും ജീവനക്കാര്‍ക്ക് നല്‍കാത്തതായിരുന്നു പ്രധാന ആശങ്കകളിലൊന്ന്. സ്ഥാപനം 632 സ്‌പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നെങ്കിലും അതില്‍ 343 പേരെ പിന്നീട് സ്‌പോണ്‍സര്‍ ചെയ്തിരുന്നില്ലെന്നും യുകെവിഐ ചൂണ്ടിക്കാട്ടിയതായി വിധിയില്‍ പറയുന്നു. പിന്നീട് കമ്പനി നല്‍കിയ വിശദീകരണങ്ങളും ഉറപ്പുകളും പരിഗണിച്ച് ലൈസന്‍സ് പുനഃസ്ഥാപിച്ചിരുന്നു. ബ്രിട്ടനില്‍ ജോലി ലഭിക്കുന്നതിനായി ഇന്ത്യയിലെ ഒരു ഏജന്റിന് £30,000 നല്‍കിയതായും പട്ടേല്‍ ട്രൈബ്യൂണലില്‍ മൊഴി നല്‍കി. ഏജന്റിന്റെ പരസ്യത്തിലൂടെയാണ് ജോലിയെക്കുറിച്ച് അറിഞ്ഞതെന്നും ബ്രിട്ടനിലെത്തിയ ശേഷമാണ് പോര്‍ട്‌സ്മത്തിലാണ് ജോലി ചെയ്യേണ്ടതെന്ന് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മൊഴിയും ട്രൈബ്യൂണല്‍ അംഗീകരിച്ചു.
നല്‍കാത്ത വേതനം മാത്രം £21,029.77
കരാര്‍ പ്രകാരം ലഭിക്കേണ്ടിയിരുന്ന ശമ്പളവും യഥാര്‍ഥത്തില്‍ ലഭിച്ച തുകയും തമ്മിലുള്ള വ്യത്യാസമായി £21,029.77 നല്‍കാത്ത വേതനം പട്ടേലിന് ലഭിക്കണമെന്ന് ട്രൈബ്യൂണല്‍ വിധിച്ചു. ഇതുകൂടാതെ ഉപയോഗിക്കാതെ ബാക്കിയാക്കിയ അവധിക്ക് £4,415.80, ആവശ്യമായ നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടതിന് ഒരാഴ്ചത്തെ വേതനമായ £535.50, തൊഴില്‍ വ്യവസ്ഥകളുടെ രേഖ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് £2,142 എന്നിവയും നല്‍കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് പട്ടേലിന് ലഭിക്കേണ്ട ആകെ തുക £28,123 ആയി ഉയര്‍ന്നത്. 2024 ഡിസംബര്‍ 10, 28 തീയതികളില്‍ ഒരു സേവന ഉപയോക്താവിനെ സന്ദര്‍ശിക്കാന്‍ പട്ടേല്‍ എത്തിയില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് പിരിച്ചുവിടലിന് കമ്പനി ഉന്നയിച്ചത്. എന്നാല്‍ കരാര്‍ പ്രകാരം ആവശ്യമായ നോട്ടീസ് നല്‍കാതെയാണ് പിരിച്ചുവിട്ടതെന്നും ഇത് കരാര്‍ ലംഘനമാണെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. 2025 ജനുവരി ആറിനാണ് പട്ടേലിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.