ലണ്ടന്‍: പണപ്പെരുപ്പ സമ്മര്‍ദ്ദം തുടരുന്നതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് വര്‍ധിപ്പിക്കാതെ 3.75 ശതമാനത്തില്‍ നിലനിര്‍ത്തിയെങ്കിലും യുകെയിലെ മോര്‍ട്ട്ഗേജ് വിപണിയില്‍ നിരക്കുകള്‍ ഉയരുകയാണ്. ഈയാഴ്ച പ്രധാന വായ്പാദാതാക്കളില്‍ പലരും മോര്‍ട്ട്ഗേജ് നിരക്ക് വര്‍ധിപ്പിച്ചതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ധനവുകള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ വര്‍ധനവ് മോര്‍ട്ട്ഗേജ് വിപണിയിലെ താല്‍ക്കാലിക പ്രതിഭാസം മാത്രമാണോ, അതോ ദീര്‍ഘകാല സമ്മര്‍ദ്ദത്തിന്റെ തുടക്കമാണോ എന്ന ആശങ്കയാണ് ഉയരുന്നത്. സ്ഥിതി പെട്ടെന്ന് മാറാന്‍ സാധ്യത കുറവാണെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്ന സാഹചര്യത്തിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇത്തവണ നിരക്ക് വര്‍ധനവിലേക്ക് നീങ്ങിയില്ല. ബേസ് റേറ്റ് 3.75 ശതമാനത്തില്‍ നിലനിര്‍ത്താനുള്ള തീരുമാനത്തിന് പിന്നാലെ പൗണ്ടിന്റെ മൂല്യത്തിലും ഇടിവുണ്ടായി.
ഇറാന് യുദ്ധത്തെ തുടര്‍ന്നുള്ള ആഗോള അനിശ്ചിതത്വം, ഉയരുന്ന എനര്‍ജി വിലകള്‍, ഇതുമൂലമുള്ള പണപ്പെരുപ്പ ഭീഷണി എന്നിവ നിലനില്‍ക്കുന്നതിനിടെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. കേന്ദ്ര ബാങ്കിന്റെ കൈവശമുള്ള യുകെ ബോണ്ടുകളുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഈ വര്‍ഷം രണ്ടുതവണ പലിശനിരക്ക് ഉയര്‍ത്തി. യുഎസ് ഫെഡറല്‍ റിസര്‍വും മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി പലിശനിരക്ക് വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ബേസ് റേറ്റ് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലും വിപണിയിലെ ഫണ്ടിങ് ചെലവ് ഉയരുന്നതാണ് മോര്‍ട്ട്ഗേജ് നിരക്കുകള്‍ കൂടാന്‍ കാരണമാകുന്നതെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇതോടെ പുതിയ മോര്‍ട്ട്ഗേജ് എടുക്കുന്നവര്‍ക്കും നിലവിലെ കരാര്‍ പുതുക്കാനിരിക്കുന്നവര്ക്കും വരും ആഴ്ചകള്‍ നിര്‍ണായകമാകും.