ബെംഗളൂരു: ഇന്ത്യയില്‍ നല്ല വരുമാനവും കുടുംബത്തിന്റെ ശക്തമായ പിന്തുണയും ഉള്ളവര്‍ക്ക് വിദേശത്തേക്ക് കുടിയേറുന്നത് എല്ലായ്പ്പോഴും മികച്ച ജീവിതനിലവാരം ഉറപ്പാക്കണമെന്നില്ലെന്ന നിരീക്ഷണവുമായി ബെംഗളൂരുവില്‍ നിന്നുള്ള യുവ സംരംഭകന് സൗവീക് റോയ്. ലണ്ടനില്‍ ടിക്ടോക്കില്‍ നിന്ന് ലഭിച്ച മികച്ച ജോലി ഓഫര്‍ വേണ്ടെന്നുവെച്ച അനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ലണ്ടനിലെ ജീവിതരീതിയും ഭക്ഷണവും മറ്റും തനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും, അവിടെ താമസിക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയില്‍ താന്‍ ഉപേക്ഷിക്കേണ്ടിവരുന്ന കാര്യങ്ങളാണ് കൂടുതല്‍ ചിന്തിപ്പിച്ചതെന്ന് സൗവീക് പറയുന്നു.
''പലര്‍ക്കും കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. എന്നാല്‍ വിദേശത്തേക്ക് മാറുന്നത് എല്ലായ്പ്പോഴും ഏറ്റവും മികച്ച തീരുമാനമാകണമെന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനിലേക്ക് കുടിയേറാന്‍ ഏറെക്കുറെ തീരുമാനിച്ച ആളാണ് ഞാന്‍. ടിക്ടോക്കില്‍ നിന്ന് മികച്ചൊരു ജോലി ഓഫറും ഉണ്ടായിരുന്നു. എന്നാല്‍ അവിടെ ചെന്നാല്‍ എന്തൊക്കെ ലഭിക്കുമെന്നതിനേക്കാള്‍, ഇന്ത്യയില്‍ ഞാന്‍ ഉപേക്ഷിച്ചുപോകുന്ന സൗകര്യങ്ങളും ബന്ധങ്ങളും എന്തൊക്കെയാണെന്നാണ് ചിന്തിച്ചത്,'' സൗവീക് വീഡിയോയില്‍ പറയുന്നു. ഇന്ത്യയില്‍ അത്യാവശ്യം നല്ല വരുമാനമുള്ള ഒരാള്‍ക്ക് ലഭിക്കുന്ന കുടുംബപിന്തുണയും സാമൂഹിക ബന്ധങ്ങളും ജീവിതസൗകര്യങ്ങളും വിദേശത്ത് അതേ രീതിയില്‍ ലഭിക്കണമെന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പലര്‍ക്കും വിദേശവാസവും അവിടത്തെ ജോലിയും മികച്ച തീരുമാനമായിരിക്കാമെന്നും എന്നാല്‍ അതിനെ ജീവിതത്തിലെ സ്വാഭാവികമായ മുന്നേറ്റമെന്നോ വിജയത്തിന്റെ ഏക അളവുകോലെന്നോ കാണേണ്ടതില്ലെന്നും സൗവീക് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ജീവിതത്തിന് അതിന്റേതായ വെല്ലുവിളികളുണ്ടെങ്കിലും വലിയ അവസരങ്ങളും ഇവിടെ ലഭ്യമാണെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ ക്യാപ്ഷനില്‍ കുറിച്ചു. ഒരാളുടെ വരുമാനം, കുടുംബ സാഹചര്യം, കരിയര്‍ ലക്ഷ്യങ്ങള്‍, ജീവിത മുന്‍ഗണനകള്‍ എന്നിവ അനുസരിച്ചായിരിക്കണം വിദേശത്തേക്ക് മാറാനുള്ള തീരുമാനം എടുക്കേണ്ടതെന്ന സന്ദേശമാണ് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെക്കുന്നത്. സൗവീക് റോയിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതോടെ ഇന്ത്യയിലെ ജീവിതസൗകര്യങ്ങളും പ്രവാസജീവിതവും താരതമ്യം ചെയ്തുള്ള ചര്‍ച്ചകളും സജീവമായി. ''വിദേശവാസത്തെക്കുറിച്ച് വ്യത്യസ്തവും ചിന്തിപ്പിക്കുന്നതുമായ കാഴ്ചപ്പാട്'' എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ''വിദേശത്തേക്ക് കുടിയേറുന്നത് ജീവിതം സ്വാഭാവികമായി മെച്ചപ്പെട്ടു എന്നതിന്റെ തെളിവല്ല'' എന്ന് മറ്റൊരാള്‍ കുറിച്ചു. 'ഇന്ത്യയാണോ വിദേശമാണോ മികച്ചത് എന്നതിന് എല്ലാവര്ക്കും ബാധകമായ ഒറ്റ ഉത്തരമില്ല', 'വിദേശത്തെ ഉയര്‍ന്ന ശമ്പളം മാത്രം മികച്ച ജീവിതനിലവാരം ഉറപ്പാക്കുന്നില്ല' തുടങ്ങിയ പ്രതികരണങ്ങളും പോസ്റ്റിന് കീഴില്‍ ഉയര്‍ന്നു.