Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 07th Oct 2026
 
 
UK Special
  Add your Comment comment
മുഖം തിരിച്ചറിഞ്ഞ് പ്രവേശനം; ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ കോണ്‍ടാക്റ്റ്ലെസ് ഇ-ഗേറ്റുകള്‍
reporter

ലണ്ടന്‍: വിമാനത്താവളങ്ങളിലെ അതിര്‍ത്തി പരിശോധന വേഗത്തിലാക്കാന്‍ മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയുമായി ബ്രിട്ടന്‍. പുതിയ കോണ്‍ടാക്റ്റ്ലെസ് ഇ-ഗേറ്റ് സംവിധാനത്തില്‍ അര്‍ഹരായ യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ട് റീഡറില്‍ വയ്ക്കാതെ പരിശോധന പൂര്‍ത്തിയാക്കാനാകും. എന്നാല്‍, യാത്രയ്ക്കിടെ സാധുവായ പാസ്പോര്‍ട്ട് കൈവശം കരുതണമെന്ന നിബന്ധന തുടരും.

ഒക്ടോബര്‍ ആറുമുതല്‍ ഘട്ടംഘട്ടമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ് വിമാനത്താവളത്തില്‍ തുടക്കമിട്ട പദ്ധതി ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്കാണ് ലഭ്യമാകുക. തുടര്‍ന്ന് കൂടുതല്‍ വിമാനത്താവളങ്ങളിലേക്കും നിലവില്‍ ഇ-ഗേറ്റ് ഉപയോഗിക്കാന്‍ അര്‍ഹതയുള്ള മറ്റു രാജ്യങ്ങളിലെ പൗരന്മാരിലേക്കും വ്യാപിപ്പിക്കും.

യാത്രക്കാരന്‍ ഇ-ഗേറ്റിനു മുന്നിലെത്തുമ്പോള്‍ ക്യാമറ മുഖത്തിന്റെ ചിത്രം പകര്‍ത്തും. ഈ ചിത്രം സ്ഥിരീകരിച്ച യാത്രാ, പാസ്പോര്‍ട്ട്, കുടിയേറ്റ വിവരങ്ങളുമായി താരതമ്യം ചെയ്ത് വ്യക്തിയുടെ തിരിച്ചറിയല്‍ ഉറപ്പാക്കും. ആവശ്യമായ സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ ഗേറ്റ് സ്വയം തുറക്കും. നിലവിലെ പാസ്പോര്‍ട്ട് അധിഷ്ഠിത ഇ-ഗേറ്റ് പരിശോധനയേക്കാള്‍ 25 ശതമാനംവരെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പരീക്ഷണഫലങ്ങള്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ പരിശോധന ആവശ്യമുള്ളവരോട് പാസ്പോര്‍ട്ട് റീഡറില്‍ വയ്ക്കാന്‍ നിര്‍ദേശിക്കും. ചില സാഹചര്യങ്ങളില്‍ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥനെ സമീപിക്കേണ്ടിവരും. ഇ-ഗേറ്റുകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും യാത്രക്കാര്‍ക്ക് സഹായം നല്‍കുകയും ചെയ്യും.

ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, എഡിന്‍ബറോ, ഗ്ലാസ്ഗോ, ബ്രിസ്റ്റല്‍, കാര്‍ഡിഫ്, ലണ്ടന്‍ സിറ്റി, ലൂട്ടണ്‍, ന്യൂകാസില്‍, സ്റ്റാന്‍സ്റ്റഡ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് പദ്ധതി. 2027ന്റെ തുടക്കത്തോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കോണ്‍ടാക്റ്റ്ലെസ് ഇ-ഗേറ്റ് സൗകര്യം ലഭ്യമാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള കുടിയേറ്റ, സുരക്ഷാപരിശോധനകള്‍ ഒഴിവാകില്ല. ഇ-ഗേറ്റ് ഉപയോഗിക്കുന്നതിനുള്ള അര്‍ഹതാനിബന്ധനകളും നിലവില്‍ മാറ്റമില്ലാതെ തുടരും. അതിനാല്‍ പാസ്പോര്‍ട്ടില്ലാതെ അന്താരാഷ്ട്ര യാത്ര ചെയ്യാനുള്ള അനുമതിയായി ഈ മാറ്റത്തെ കണക്കാക്കാനാവില്ല.

 
Other News in this category

 
 




 
Close Window