ലണ്ടന്: രണ്ട് പെണ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില് നോര്ത്തേണ് അയര്ലന്ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്ട്ടിയുടെ മുന് നേതാവ് ജെഫ്രി ഡൊണാള്ഡ്സന് 15 വര്ഷം തടവ്. 63കാരനായ ഡൊണാള്ഡ്സന് ന്യൂറി ക്രൗണ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവിതകാലം മുഴുവന് ലൈംഗികക്കുറ്റവാളികളുടെ രജിസ്റ്ററില് പേര് രേഖപ്പെടുത്തണമെന്നും നിര്ദേശിച്ചു. ബലാത്സംഗം ഉള്പ്പെടെ കുട്ടികള്ക്കെതിരായ 18 ലൈംഗികക്കുറ്റങ്ങളില് ഡൊണാള്ഡ്സന് കുറ്റക്കാരനാണെന്ന് 2026 ജൂണില് ജൂറി കണ്ടെത്തിയിരുന്നു. 1985-1991, 1999-2008 കാലയളവുകളിലാണ് അതിക്രമങ്ങള് നടന്നത്. അന്ന് കുട്ടികളായിരുന്ന ഇരുവരും ഇപ്പോള് മുതിര്ന്നവരാണ്. കുറ്റകൃത്യങ്ങളില് പശ്ചാത്താപമോ ക്ഷമാപണമോ പ്രകടിപ്പിക്കാത്ത ഡൊണാള്ഡ്സന്റെ നിലപാടിനെ ജഡ്ജി പോള് റാംസി വിമര്ശിച്ചു. അതിജീവിതകളുടെ ധൈര്യവും നിശ്ചയദാര്ഢ്യവുമാണ് പ്രതിയെ നിയമത്തിനു മുന്നിലെത്തിച്ചതെന്നും കോടതി വിലയിരുത്തി. കുറ്റങ്ങള് നിഷേധിച്ച ഡൊണാള്ഡ്സന് വിധിക്കെതിരെ അപ്പീല് നടപടികള് ആരംഭിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങള് നടന്ന സമയത്തെ നിയമപ്രകാരം ശിക്ഷയില് പകുതി ഇളവിന് അര്ഹതയുള്ളതിനാല് ഏഴരവര്ഷമാണ് ജയിലില് കഴിയേണ്ടിവരുക. ശേഷിക്കുന്ന കാലം നിബന്ധനകള്ക്ക് വിധേയമായിരിക്കും. ഭാര്യ എലനോര് ഡൊണാള്ഡ്സനുമായി ബന്ധപ്പെട്ട നടപടികളും തുടരുകയാണ്. ആരോഗ്യപരമായ കാരണങ്ങളാല് സാധാരണ വിചാരണ നേരിടാന് അവര് യോഗ്യയല്ലെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. തുടര്ന്ന് നടന്ന വസ്തുതാപരിശോധനയില് ഭര്ത്താവിന്റെ അതിക്രമങ്ങള്ക്ക് സഹായം നല്കിയതടക്കമുള്ള പ്രവൃത്തികള് അവര് ചെയ്തതായി കണ്ടെത്തി. അവരുടെ കേസിലെ തുടര്നടപടികള്ക്കായി നവംബര് 13ന് വീണ്ടും വാദം കേള്ക്കും.