ലണ്ടന്: വംശനാശഭീഷണി നേരിടുന്ന അപൂര്വ തവളയിനത്തിന്റെ സംരക്ഷണത്തില് നിര്ണായക നേട്ടവുമായി ലണ്ടന് മൃഗശാല. 'അഫിയ ബിരാഗോയുടെ പഡില് ഫ്രോഗ്' എന്ന ഇനത്തില്പ്പെട്ട 15 തവളക്കുഞ്ഞുങ്ങളാണ് ഇവിടെ പിറന്നത്. മനുഷ്യപരിചരണത്തില് ഈ ഇനത്തിന്റെ പ്രജനനം വിജയിക്കുന്നത് ലോകത്ത് ആദ്യമായാണെന്ന് സുവോളജിക്കല് സൊസൈറ്റി ഓഫ് ലണ്ടന് അറിയിച്ചു. ഘാനയിലെ അറ്റേവ ഹില്സ് വനസംരക്ഷണ മേഖലയാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രം. അവിടെയുള്ള രണ്ട് സ്ഥിരം കുളങ്ങളില് മാത്രമാണ് ഇതുവരെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഖനനം മൂലം ആവാസവ്യവസ്ഥ നശിക്കുന്നത് ഇവയുടെ നിലനില്പ്പിന് വലിയ വെല്ലുവിളിയാണ്.
കുഞ്ഞുങ്ങള്ക്ക് അഞ്ചു മില്ലിമീറ്റര് മാത്രമാണ് നീളം. പൂര്ണവളര്ച്ചയെത്തിയ തവളകള്ക്കുപോലും 1.75 ഗ്രാമില് താഴെയേ ഭാരമുണ്ടാകൂ. സംരക്ഷണപദ്ധതിയുടെ ഭാഗമായി 2025 സെപ്റ്റംബറില് ഘാനയില്നിന്ന് 20 മുതിര്ന്ന തവളകളെ ലണ്ടന് മൃഗശാലയിലെത്തിച്ചിരുന്നു. പരിപാലനത്തിനും പ്രജനനത്തിനും അനുയോജ്യമായ രീതികള് വികസിപ്പിച്ച് ഘാനയിലെ സംരക്ഷണപ്രവര്ത്തകര്ക്ക് കൈമാറുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലണ്ടനില് വിജയിച്ച രീതികള് കുമാസിയിലെ സംരക്ഷണകേന്ദ്രവുമായി പങ്കുവയ്ക്കുന്നുണ്ട്. അവിടെ ഇവയുടെ എണ്ണം വര്ധിപ്പിച്ച് പിന്നീട് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നത്. 2018ലാണ് ഈ തവളയെ പ്രത്യേക ഇനമായി ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. കണ്ടെത്തലിനു പിന്നില് പ്രവര്ത്തിച്ച ഘാനയിലെ സംരക്ഷണപ്രവര്ത്തകന് കാലെബ് ഒഫോറി-ബോട്ടെങ് തന്റെ അമ്മ അഫിയ ബിരാഗോയുടെ പേരാണ് ഈ ഇനത്തിന് നല്കിയത്.