ലണ്ടന്: യുകെയില് ചൂടേറിയ കാലാവസ്ഥയ്ക്ക് പിന്നാലെ തണുപ്പ് ശക്തമാകുമെന്ന് പ്രവചനം. തെക്കന്, മധ്യ, കിഴക്കന് മേഖലകളില് താപനില 23 ഡിഗ്രി സെല്ഷ്യസ് വരെ ഉയരാനിടയുണ്ടെന്ന വ്യാഴാഴ്ചത്തെ പ്രവചനത്തിനു പിന്നാലെയാണ് വാരാന്ത്യത്തില് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നത്. ഒക്ടോബര് മധ്യത്തില് സാധാരണ അനുഭവപ്പെടുന്നതിനേക്കാള് അഞ്ചുമുതല് എട്ടുവരെ ഡിഗ്രി അധിക ചൂടാണ് ചില പ്രദേശങ്ങളില് പ്രതീക്ഷിച്ചിരുന്നത്. തെക്കുകിഴക്കന് മേഖലകളില് 19-23 ഡിഗ്രിയും സ്കോട്ട്ലന്ഡിലും നോര്ത്തേണ് അയര്ലന്ഡിലും 12-15 ഡിഗ്രിയുമായിരുന്നു പ്രവചനം. വടക്കന് ഇംഗ്ലണ്ട്, വെയില്സ്, തെക്കുപടിഞ്ഞാറന് ഇംഗ്ലണ്ട് എന്നിവിടങ്ങളില് മഴയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച മുതല് വടക്കുനിന്നുള്ള തണുത്ത വായു തെക്കന് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതോടെ രാജ്യത്തുടനീളം തണുപ്പ് കൂടും. വാരാന്ത്യത്തില് പകല് താപനില 10-16 ഡിഗ്രിയിലേക്ക് താഴാനാണ് സാധ്യത. രാത്രിയില് മിക്കയിടങ്ങളിലും പത്തു ഡിഗ്രിക്കു താഴെയും ചില പ്രദേശങ്ങളില് പൂജ്യത്തിനു താഴെയും താപനില എത്തിയേക്കും. സ്കോട്ട്ലന്ഡ്, നോര്ത്തേണ് അയര്ലന്ഡ്, വടക്കന് ഇംഗ്ലണ്ട് എന്നിവിടങ്ങളില് മൂടല്മഞ്ഞിനും മഞ്ഞുറയലിനും സാധ്യതയുണ്ട്. ചിലയിടങ്ങളില് ഈ ശരത്കാലത്ത് ഇതുവരെ അനുഭവപ്പെട്ടതില് ഏറ്റവും കടുത്ത തണുപ്പായേക്കും. എന്നാല് ഒക്ടോബറില് ഇത്തരത്തിലുള്ള താപനില അസാധാരണമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്.