ലണ്ടന്: രാഷ്ട്രീയ നേതാക്കള്ക്കെതിരായ ഭീഷണികള് വര്ധിക്കുന്ന സാഹചര്യത്തില്, പാര്ലമെന്റ് അംഗങ്ങളല്ലാത്ത പ്രമുഖ നേതാക്കള്ക്കും പൊലീസ് സുരക്ഷാ സഹായം ഉറപ്പാക്കാന് ബ്രിട്ടിഷ് സര്ക്കാര്. മുന് എംപിമാര്, ഹൗസ് ഓഫ് ലോര്ഡ്സ് അംഗങ്ങള്, പാര്ട്ടി വക്താക്കള്, പ്രാദേശിക പാര്ലമെന്റുകളിലെ മുന് അംഗങ്ങള്, എംപിമാരല്ലാത്ത പാര്ട്ടി നേതാക്കള് എന്നിവരെ പുതിയ സംവിധാനത്തില് ഉള്പ്പെടുത്തും. സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങള് അറിയിക്കാന് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെടാനുള്ള സൗകര്യവും ആവശ്യമായ മറ്റ് സഹായങ്ങളും ലഭ്യമാക്കും. നിലവിലുള്ള സംരക്ഷണ സംവിധാനത്തിലെ പോരായ്മകള് പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് പാര്ലമെന്റില് അറിയിച്ചു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും വിമര്ശനങ്ങളും സ്വാഭാവികമാണെങ്കിലും ഭീഷണിയും അക്രമവും അനുവദിക്കാനാകില്ലെന്ന് അവര് വ്യക്തമാക്കി.
പൊതുരംഗത്തെ പ്രമുഖരുടെ സുരക്ഷ വിലയിരുത്താന് സ്വതന്ത്ര പരിശോധനയ്ക്കും സര്ക്കാര് ഉത്തരവിട്ടിട്ടുണ്ട്. മുന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര് സ്റ്റീഫന് ലവ്ഗ്രോവിന്റെ നേതൃത്വത്തിലുള്ള പരിശോധനയില് ഭീകരവാദം, വിദേശ ഇടപെടല്, ഓണ്ലൈന് ഭീഷണികള് തുടങ്ങിയവ പരിഗണിക്കും. രാജകുടുംബാംഗങ്ങള്, മന്ത്രിമാര്, എംപിമാര്, പ്രാദേശിക ജനപ്രതിനിധികള് എന്നിവരുടെ സുരക്ഷാക്രമീകരണങ്ങളും പരിശോധിക്കും. എംപിമാര്ക്കായി നിലവിലുള്ള 'ഓപ്പറേഷന് ബ്രിഡ്ജര്' ഉള്പ്പെടെയുള്ള സംവിധാനങ്ങള്ക്കു പുറമേയാണ് പുതിയ നടപടി. ജോ കോക്സ്, സര് ഡേവിഡ് അമസ് എന്നീ എംപിമാരുടെ കൊലപാതകങ്ങള്ക്കുശേഷം ജനപ്രതിനിധികളുടെ സുരക്ഷ നേരത്തേ ശക്തിപ്പെടുത്തിയിരുന്നു. 2019ല് എംപിമാര്ക്കെതിരെ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങള് 364 ആയിരുന്നെങ്കില്, 2025ല് അത് 976 ആയി ഉയര്ന്നു. അതേവര്ഷം 50 വധഭീഷണികളും റിപ്പോര്ട്ട് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കൂടുതല് രാഷ്ട്രീയ നേതാക്കളിലേക്ക് സുരക്ഷാ സഹായം വ്യാപിപ്പിക്കുന്നത്.