ലണ്ടന്: സൊമാലിയയിലെ യുദ്ധത്തില്നിന്ന് രക്ഷതേടി ഏഴാം വയസ്സില് ബ്രിട്ടനിലെത്തിയ സഗല് അബ്ദി-വാലി ഇനി ആ രാജ്യത്തിന്റെ പാര്ലമെന്റില് ജനങ്ങളുടെ ശബ്ദമാകും. ഹോള്ബോണ് ആന്ഡ് സെന്റ് പാന്ക്രാസ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില് ലേബര് പാര്ട്ടിക്കുവേണ്ടി വിജയിച്ച 43കാരി ഹൗസ് ഓഫ് കോമണ്സില് സത്യപ്രതിജ്ഞ ചെയ്തു. അമ്മയ്ക്കും നാലു സഹോദരങ്ങള്ക്കുമൊപ്പം ബ്രിട്ടനിലെത്തിയ സഗലിന്റെ ബാല്യം അഭയാര്ഥി ക്യാംപുകളിലൂടെയും താല്ക്കാലിക താമസസ്ഥലങ്ങളിലൂടെയുമാണ് കടന്നുപോയത്. പിന്നീട് കാംഡനില് സ്ഥിരതാമസമാക്കിയ അവര് ചെറുപ്പംമുതല് സാമൂഹികപ്രവര്ത്തനങ്ങളില് പങ്കാളിയായി. യുവജനങ്ങള്ക്കായുള്ള പ്രവര്ത്തനങ്ങളും സ്കൂള് ഗവര്ണറെന്ന നിലയിലെ സേവനവും പൊതുരംഗത്തെ ഇടപെടലുകള്ക്ക് അടിത്തറയിട്ടു. ഭവനരഹിതരുടെ ദുരിതവും സ്വന്തം കുടുംബത്തിന്റെ ജീവിതാനുഭവങ്ങളും ഭവനസുരക്ഷയെ അവരുടെ പ്രധാന രാഷ്ട്രീയ വിഷയമാക്കി. 2022ല് കാംഡന് കൗണ്സിലറായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്ന്ന് ഭവനകാര്യ ചുമതല ഏറ്റെടുത്ത സഗല്, 2026 മേയില് കൗണ്സിലിനെ നയിക്കുന്ന ആദ്യ കറുത്ത വര്ഗക്കാരിയായ വനിതയായി.
കിയ സ്റ്റാമര് എംപി സ്ഥാനം രാജിവച്ചതിനെത്തുടര്ന്ന് ഒക്ടോബര് എട്ടിന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സഗല് വിജയിച്ചത്. 12,292 വോട്ടുകള് നേടിയ അവര് ഗ്രീന് പാര്ട്ടി നേതാവ് സാക്ക് പോളാന്സ്കിയെ 3,364 വോട്ടുകള്ക്ക് പരാജയപ്പെടുത്തി. ഭവനരഹിതര്ക്കുള്ള പിന്തുണ, യുവാക്കള്ക്ക് തൊഴിലും പരിശീലനാവസരങ്ങളും എന്നിവയ്ക്കാണ് സഗല് മുന്ഗണന നല്കുന്നത്. പ്രചാരണത്തിനിടെ സ്വന്തം വംശീയ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവാദ പരാമര്ശങ്ങള് നേരിട്ടെങ്കിലും പൊതുപ്രവര്ത്തനത്തില് ഉറച്ചുനില്ക്കുകയായിരുന്നു അവര്. വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവര്ക്കും ബ്രിട്ടിഷ് രാഷ്ട്രീയത്തില് ഇടമുണ്ടെന്ന സന്ദേശമാണ് തന്റെ വിജയം നല്കുന്നതെന്ന് സഗല് വ്യക്തമാക്കി.