ലണ്ടന്: ജയിലുകളിലെ സ്ഥലപരിമിതി പരിഹരിക്കാന് തടവുകാരെ നേരത്തേ മോചിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടവുമായി ബ്രിട്ടന്. ഇംഗ്ലണ്ടിലും വെയില്സിലുമായി നൂറുകണക്കിന് പേര് ഇതിനകം പുറത്തിറങ്ങി. ഈ മാസം ഏകദേശം 2,000 പേരെയും അടുത്ത ഒരുവര്ഷത്തിനിടെ ഘട്ടംഘട്ടമായി 3,000 പേരെക്കൂടിയും മോചിപ്പിക്കാനാണ് തീരുമാനം. ഗാര്ഹികപീഡനത്തിനും അക്രമക്കുറ്റങ്ങള്ക്കും ശിക്ഷിക്കപ്പെട്ടവരും പദ്ധതിയില് ഉള്പ്പെടുന്നത് വിവാദത്തിന് വഴിവച്ചിട്ടുണ്ട്. നേരത്തേ 6,000 പേരെ മോചിപ്പിക്കാനായിരുന്നു ആലോചനയെങ്കിലും സര്ക്കാര് ഇടപെടലിനെത്തുടര്ന്ന് എണ്ണം കുറച്ചു. നരഹത്യക്കേസുകളില് ശിക്ഷിക്കപ്പെട്ടവരെ പദ്ധതിയില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ, 2019ല് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ആന്ഡ്രൂ ഹാര്പ്പറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് ശിക്ഷിക്കപ്പെട്ടവര്ക്ക് ഇളവ് ലഭിക്കില്ല.
തടവുകാരുടെ മോചനനടപടികള് പുരോഗമിക്കുന്നതിനിടെ പ്രൊബേഷന് ഉദ്യോഗസ്ഥരുടെ ശമ്പളവും ജോലിഭാരവും സംബന്ധിച്ച തര്ക്കവും രൂക്ഷമാകുകയാണ്. അഞ്ചുശതമാനം ശമ്പളവര്ധന വാഗ്ദാനം ചെയ്യുന്ന അന്തിമ നിര്ദേശം പ്രൊബേഷന് യൂണിയനായ നാപോയുടെ ചര്ച്ചാസമിതി തള്ളി. പണിമുടക്ക് സംബന്ധിച്ച ഔദ്യോഗിക വോട്ടെടുപ്പ് ഒക്ടോബര് 19ന് ആരംഭിക്കാനാണ് തീരുമാനം. 2022 മുതല് പതിനായിരക്കണക്കിന് തടവുകാരെ നേരത്തേ വിട്ടയച്ചത് മേല്നോട്ടച്ചുമതലയുള്ള പ്രൊബേഷന് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുത്തനെ വര്ധിപ്പിച്ചെന്നാണ് യൂണിയന്റെ പരാതി. പുതിയ മോചനനടപടികള് ഈ സമ്മര്ദം കൂടുതല് ഉയര്ത്തുമെന്ന ആശങ്കയും നിലനില്ക്കുന്നു.
അതേസമയം, ഇംഗ്ലണ്ടിലെയും വെയില്സിലെയും ജയിലുകളില് കഴിഞ്ഞ മൂന്നുമാസത്തിനിടെ തടവുകാരുടെ എണ്ണം 1,700ലധികം വര്ധിച്ചു. നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജൂണ് 29ന് 85,761 ആയിരുന്ന എണ്ണം തിങ്കളാഴ്ച 87,499 ആയി ഉയര്ന്നു. ഏകദേശം രണ്ടുശതമാനമാണ് വര്ധന. മോചിതരാകുന്നവര്ക്കായി രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കര്ശനമായ നിരീക്ഷണക്രമം ഏര്പ്പെടുത്തുമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഉയര്ന്ന അപകടസാധ്യതയുള്ള ലൈംഗികക്കുറ്റവാളികളുടെയും അക്രമക്കുറ്റങ്ങളില് ശിക്ഷിക്കപ്പെട്ടവരുടെയും സഞ്ചാരം നിശ്ചിത മേഖലകളില് പരിമിതപ്പെടുത്തുന്ന നിയന്ത്രണങ്ങളും ഇതിന്റെ ഭാഗമാണ്. ഇലക്ട്രോണിക് ടാഗുകളിലൂടെയുള്ള നിരീക്ഷണവും വിപുലീകരിച്ചിട്ടുണ്ട്. ടാഗുകളില്നിന്നുള്ള വിവരങ്ങള് പ്രൊബേഷന് ഉദ്യോഗസ്ഥര്ക്ക് ഏകദേശം തത്സമയം ലഭ്യമാക്കുന്ന സാങ്കേതികവിദ്യ ഈ വര്ഷം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. മോചനവ്യവസ്ഥകളുടെ ലംഘനം വേഗത്തില് കണ്ടെത്താനും തുടര്നടപടി സ്വീകരിക്കാനും ഇതിലൂടെ കഴിയുമെന്നാണ് സര്ക്കാരിന്റെ പ്രതീക്ഷ.