Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
വിദേശികളുടെ വൈദ്യപരിശോധന നാട്ടില്‍: ഓണ്‍ലൈന്‍ സംവിധാനം ഉടന്‍
Reporter

ദുബൈ: റസിഡന്‍സ് വിസയില്‍ യു.എ.ഇയിലേക്ക് വരുന്ന വിദേശികളുടെ വൈദ്യപരിശോധന നാട്ടില്‍ നടത്തുന്ന സംവിധാനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ളവര്‍ക്ക് നടപ്പാക്കിയ സംവിധാനം വന്‍ വിജയമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണിത്.

അടുത്ത കാലത്ത് ഇത്യോപ്യയിലും നടപ്പാക്കിയിട്ടുണ്ട്. ശ്രീലങ്കയില്‍ 15 മെഡിക്കല്‍ സെന്ററുകളിലാണ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സൗകര്യമുള്ളത്. ഇന്തോനേഷ്യയില്‍ 27 കേന്ദ്രങ്ങളും ഇത്യോപ്യയില്‍ ആറു കേന്ദ്രങ്ങളുമുണ്ട്. മൊത്തം 11 രാജ്യങ്ങളില്‍ സംവിധാനം നടപ്പാക്കാനാണ് നേരത്തെ തീരുമാനിച്ചത്. ദക്ഷിണേഷ്യയിലെ കൂടുതല്‍ രാജ്യങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിവരികയാണ്.

വിവിധ രാജ്യങ്ങളിലുള്ള പരിശോധന കേന്ദ്രങ്ങളെയും ആരോഗ്യ മന്ത്രാലയത്തെയും ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നിലവില്‍വരും. പരിശോധന നടത്തുന്ന കേന്ദ്രങ്ങളുമായി എപ്പോഴും ബന്ധപ്പെടാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും. യു.എ.ഇ ആരോഗ്യ മന്ത്രാലയം, സൗദി റിയാദിലെ ജി.സി.സി എക്‌സിക്യൂട്ടീവ് ഓഫിസ് എന്നിവയെയും നാട്ടിലെ കേന്ദ്രങ്ങളെയുമാണ് ബന്ധിപ്പിക്കുക.

വിദേശികളുടെ വൈദ്യപരിശോധന നാട്ടില്‍ നടത്താനുള്ള തീരുമാനത്തിന്റെ ഫലമായി, വിവിധ സാംക്രമിക രോഗങ്ങളുള്ളവര്‍ ഇവിടെ എത്തുന്നത് ഗണ്യമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ നയങ്ങള്‍ക്ക് വേണ്ടിയുള്ള വിഭാഗത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് ഫിക്രി പറഞ്ഞു. പ്രത്യേകിച്ച് എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ്ബി, ട്യൂബര്‍കുലോസിസ് പോലുള്ള രോഗങ്ങളുമായി എത്തുന്നവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞു. ഇങ്ങനെയുള്ള പല രോഗങ്ങളും ബാധിച്ചവരെ അതാത് രാജ്യത്തെ പരിശോധനയില്‍ തന്നെ കണ്ടെത്തുന്നതിനാല്‍ അവര്‍ ഇവിടേക്ക് വരുന്നതും ഇവിടെ വെച്ച് പരിശോധനയില്‍ പരാജയപ്പെട്ട് മടങ്ങുന്നതും ഒഴിവാകുന്നു. രോഗങ്ങള്‍ ബാധിച്ചവര്‍ യു.എ.ഇയില്‍ എത്തുന്നത് തടയാം എന്നതിനൊപ്പം, നാട്ടില്‍നിന്ന് പണം കടം വാങ്ങിയും മറ്റും ഇവിടെ വന്ന ശേഷം മടങ്ങുന്ന സാഹചര്യം പലര്‍ക്കും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2011 ഒക്ടോബര്‍ ഒന്നിനാണ് ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഈ സംവിധാനം നടപ്പാക്കിയത്. ആറു മാസത്തെ നിരീക്ഷണത്തില്‍ ഇത് വിജയിച്ചതായി വ്യക്തമായി. ഇവിടെ എത്തുന്നവരില്‍ സാംക്രമിക രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന രാജ്യക്കാരെ ലക്ഷ്യമിട്ടാണ് ഈ നടപടി.

 
Other News in this category

 
 




 
Close Window