Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മയുടെ 'സ്നേഹക്കൂട്' പദ്ധതിയുടെ നിര്‍മ്മാണോത്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു
News Report: Suju Joseph
നവകേരള നിര്‍മ്മിതിക്ക് യുക്മയുടെ ആദ്യഘട്ടമായ ഒരു കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ അനുമതി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം തകര്‍ത്തു കളഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി കേരളാ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ യുക്മ നാഷണല്‍ കമ്മിറ്റിയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി രൂപം കൊടുത്ത പദ്ധതിയായിരുന്നു 'സ്നേഹക്കൂട്'. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉത്‌ഘാടനം ഓക്സ്ഫോര്‍ഡില്‍ ടൂറിസം -ദേവസ്വം -സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.


അഞ്ചു ലക്ഷം രൂപ വീതം ചിലവ് വരുന്ന പതിനെട്ട് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക. കേരളത്തിലെ പ്രളയ ദുരന്തകാലത്ത് പ്രളയം ഉണ്ടായ സമയം തന്നെ യുക്മ സഹായഹസ്തം നീട്ടിയിരുന്നു. യുക്മ ചാരിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് അപ്പീല്‍ നല്‍കി ശേഖരിച്ച പതിനായിരം പൗണ്ടിന്റെ ചെക്കും ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് മന്ത്രിക്ക് കൈമാറി. യുകെയിലങ്ങോളമിങ്ങോളമുള്ള സംഘടനകളും വ്യകതികളും വഴി നിത്യോപയോഗ സാധനങ്ങളും, മെഡിസിനുകളും, പുതിയ വസ്ത്രങ്ങളും ഉള്‍പ്പെടെ 25000 കിലോ സാധനങ്ങള്‍ കേരളത്തിലെത്തിച്ച് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.


ബ്രിട്ടനിലെ അക്ഷരമുറ്റമെന്നറിയപ്പെടുന്ന ഓക്സ്ഫോര്‍ഡിലെ പ്രശസ്തമായ ദി ട്രീ ഹോട്ടലിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് സ്വാഗതം ആശംസിച്ചു. കേരളത്തിന്റെ പുനഃസൃഷ്ടിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി യു കെ മലയാളികളുടെ സഹായം ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്നുമാണ് യുക്മ ദേശീയ സമിതിയുടെയും ചാരിറ്റി ട്രസ്റ്റിന്റെയും സംയുക്ത യോഗം ഭവനനിര്‍മാണ പദ്ധതിക്ക് രൂപം നല്‍കിയതെന്ന് മാമ്മന്‍ ഫിലിപ്പ് അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. നിലവില്‍ വിവിധ അസ്സോസിയേഷനുകളുമായും വ്യക്തികളുമായും സ്ഥാപനങ്ങളുമായും ധാരണയിലായ പതിനെട്ട് വീടുകളുടെയും അവയുടെ പൂര്‍ണ്ണ വിവരങ്ങളും മാമ്മന്‍ ഫിലിപ്പ് ചടങ്ങില്‍ അവതരിപ്പിച്ചു.


ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍ നാല് വീടുകള്‍ , ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍ രണ്ടു വീടുകള്‍ , ബ്രിട്ടീഷ് കേരളൈറ്റ്‌സ് സൗത്താള്‍ മൂന്ന് വീടുകള്‍ , അഡ്വ.ഫ്രാന്‍സിസ് മാത്യു ഒരു വീട്, ലാ ആന്‍ഡ് ലോയേഴ്സ് രണ്ടു വീടുകള്‍ , യുക്മ ചാരിറ്റി ഫൗണ്ടേഷനില്‍ അംഗ അസോസിയേഷനുകളില്‍ നിന്നും ലഭിച്ച തുക കൊണ്ട് നാല് വീടുകള്‍ , സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഒരു വീട്, ല്യൂട്ടന്‍ കേരളൈറ്റ്സ് ഒരു വീട് എന്ന നിലയിലാണ് ആദ്യഘട്ടത്തെ പതിനെട്ട് വീടുകള്‍ പൂര്‍ത്തിയാക്കുക.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കി മുഴുവന്‍ സംഘടനകളെയും ഏകോപിപ്പിച്ച് കൊണ്ട് മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്തിലുള്ള യുക്മ നാഷണല്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേര്‍ന്നു. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ മലയാളികള്‍ നല്‍കുന്ന പിന്തുണയ്ക്ക് മന്ത്രി നന്ദി പറഞ്ഞു. സ്നേഹക്കൂട് ഭവന പദ്ധതിയുടെ ഔദ്യോഗിക നിര്‍മ്മാണോത്ഘാടനം പദ്ധതി ലോഗോ യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് ചെറിയാന് കൈമാറിക്കൊണ്ട് മന്ത്രി നിര്‍വ്വഹിച്ചു. സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി എംപി പദ്മരാജ് നന്ദി പ്രകാശിപ്പിച്ചു.


യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ , നാഷണല്‍ എക്സിക്യു്ട്ടീവ് അംഗങ്ങളായ ഡോ.ബിജു പെരിങ്ങത്തറ, സുരേഷ് കുമാര്‍ തുടങ്ങിയവരും വിവിധ റീജിയണല്‍ ഭാരവാഹികളും സ്നേഹക്കൂട് പദ്ധതിക്ക് സഹായം നല്‍കുന്ന അംഗ അസ്സോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ യുക്മയുടെ സ്നേഹക്കൂട് ഭവന പദ്ധതിയുടെ ഭാഗമായ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കുമുള്ള കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു.


യുക്മയിലെ മറ്റു അംഗ അസ്സോസിയേഷനുകളുടെയും യുകെയിലെ മറ്റ് വിവിധ സംഘടനകളടെയും വ്യക്തികളെയും ഇക്കാര്യത്തില്‍ സംയുക്തമായി സഹകരിപ്പിച്ച് ബാക്കിയുള്ള വീടുകള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളും ശ്രമങ്ങളും നടക്കുന്നുണ്ട്. അഞ്ചു ലക്ഷം രൂപ ഒറ്റയ്ക്ക് ശേഖരിക്കാന്‍ കഴിയാത്ത പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മറ്റ് സംഘടനകളുമായി യോജിച്ച് പദ്ധതിയുമായി സഹകരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. യുക്മ സ്നേഹക്കൂട് ഭവന നിര്‍മാണ പദ്ധതിയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവരും യുക്മ ഭാരവാഹികളുമായി ബന്ധപ്പെടണം.


കൂടുതല്‍ വിവരങ്ങള്‍ക്ക്

മാമ്മന്‍ ഫിലിപ്പ് : 07885 467034

റോജിമോന്‍ വര്‍ഗീസ്: 07883068181

അലക്സ് വര്‍ഗീസ് : 07985 641921
 
Other News in this category

 
 




 
Close Window