|
യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഗാന മത്സരത്തിന്റെ രണ്ടാം പതിപ്പ് ഡിസംബര്‍ 8 ശനിയാഴ്ച കവന്‍ട്രിയില്‍ നടക്കും. കവെന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്‌ളബില്‍ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന കരോള്‍ ഗാന മത്സരത്തില്‍ യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നുമായി പതിനഞ്ചോളം ഗായകസംഘങ്ങള്‍ പങ്കെടുക്കും. മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്കൊടുവില്‍, കണ്ണിനും കാതിനും കുളിര്‍മയേകുന്ന സംഗീത വിരുന്നൊരുക്കുവാന്‍ ഇവര്‍ ശനിയാഴ്ച കവന്‍ട്രിയില്‍ ഒത്തുചേരും. കരോള്‍ ഗാന സന്ധ്യക്ക് നിറംപകരാന്‍ ലണ്ടന്‍ അസഫിയാന്‍സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും അരങ്ങേറും. കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
കഴിഞ്ഞവര്‍ഷത്തേതുപോലെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് നല്‍കുന്ന 1000 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും , രണ്ടാം സമ്മാനമായി പ്രൈം മെഡിടെക് എഡ്യൂക്കേഷണല്‍ കണ്‍സള്‍റ്റന്റ്‌സ് നല്‍കുന്ന 500 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, മൂന്നാം സമ്മാനമായി ജിയാ ട്രാവല്‍ നല്‍കുന്ന 250 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും ആണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക.
ജോയ് ടു ദി വേള്‍ഡിന്റെ ഒന്നാം പതിപ്പില്‍ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ ആദ്യകിരീടം ചൂടിയത് കരോള്‍ ഫോര്‍ ക്രൈസ്റ്റ്, ലിവര്‍പൂള്‍ ആയിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയറും, ബിര്‍മിങ്ഹാം നോര്‍ത്ത് ഫീല്‍ഡ് ക്വയറും സ്വന്തമാക്കി.
ആസ്വാദകര്‍ക്കായി സൗജന്യ നിരക്കില്‍ സ്വാദിഷ്ടമായ ഫുഡ് സ്റ്റാള്‍ , കേക്ക് സ്റ്റാള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
മത്സരം നടക്കുന്ന വേദിയുടെ അഡ്രസ്: വില്ലന്‍ഹാള്‍ സോഷ്യല്‍ ക്‌ളബ്, റോബിന്‍ഹുഡ് റോഡ്, കവന്‍ട്രി CV3 3BB,
Contact numbers: 07500058024 / 07828456564 / 07958236786 |