Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ -മാഗ്‌നവിഷന്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ ലോഗോ പ്രകാശനം ചെയ്തു
കുര്യന്‍ ജോര്‍ജ്
യുക്മ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ യുക്മയും മാഗ്‌നാവിഷന്‍ TV യും ചേര്‍ന്നു സംഘടിപ്പിക്കുന്ന യുക്മ - മാഗ്‌നവിഷന്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം നവംബര്‍ രണ്ടിന് 10-ാ മത് യുക്മ ദേശീയ കലാമേള നടന്ന ശ്രീദേവീ നഗറില്‍ വെച്ചു നടത്തപ്പെട്ടു. ദേശീയ കലാമേളയുടെ പ്രധാന വേദിയില്‍ പ്രൌഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ലോഗോ പ്രകാശനം ചെയ്തു. യുക്മ നാഷണല്‍ പി ആര്‍ ഒ യും, സ്റ്റാര്‍സിംഗര്‍ സീസണ്‍ 2, സീസണ്‍ 3 എന്നിവയുടെ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന സജീഷ് ടോം ആമുഖ പ്രഭാഷണം നടത്തി. ചടങ്ങില്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയറിന്റെ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍, മാഗ്‌നാവിഷന്‍ TV മാനേജിംഗ് ഡയറക്ടര്‍ ഡീക്കണ്‍ ജോയിസ് പള്ളിക്കമ്യാലില്‍ എന്നിവര്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 നെക്കുറിച്ചു സംസാരിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി 8 വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കൊച്ചു ഗായകരാണ് സീസണ്‍ 4 ല്‍ ആവേശമുണര്‍ത്താന്‍ എത്തുന്നത്. മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും കൂടുതല്‍ രസകരവും ആസ്വാദ്യകരവുമായ രീതിയിലായിരിക്കും സീസണ്‍ 4 വിഭാവനം ചെയ്തിരിക്കുന്നത്.

യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍മാരായ തോമസ് മാറാട്ടുകളം, ജയ്‌സണ്‍ ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഡിസംബര്‍മാസത്തോടെ ഓഡിഷന്‍ പൂര്‍ത്തിയാക്കി ആദ്യറൗണ്ട് മത്സരങ്ങള്‍ ജനുവരി പകുതിയോടെ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. യു കെ മലയാളികള്‍ക്കിടയിലെ അറിപ്പെടുന്ന ഗായകനായ സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേലിന്റെ നേതൃത്വത്തില്‍, സ്റ്റാര്‍ സിംഗറിന്റെ ആദ്യ സീസണുകളിലെ അമരക്കാരനായിരുന്ന ഹരീഷ് പാലാ, സീസണ്‍ 3 വിജയി സാന്‍ ജോര്‍ജ്ജ് തോമസ്, മാഗ്‌നവിഷന്‍ TV ടീം എന്നിവര്‍ ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പുകള്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞു.

പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ വിലയിരുത്തിയശേഷമായിരിക്കും സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ ആദ്യറൗണ്ടിലേയ്ക്കുള്ള മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഉത്ഘാടനം മുതല്‍ ഗ്രാന്‍ഡ് ഫിനാലേ വരെ എട്ടുമാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കുന്നരീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. മത്സരറൗണ്ടിലെ എല്ലാഗാനങ്ങളും മാഗ്‌നാവിഷന്‍ TV സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ വിശദമായി വരും ദിവസങ്ങളില്‍ മാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.
 
Other News in this category

 
 




 
Close Window