Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഹൃദയം കീഴടക്കി ആര്യദാസ് കോഴിപ്പള്ളി ....ഇന്ന് പൂളില്‍ നിന്നുള്ള സഹോദരങ്ങള്‍ ജെയ്‌സ് & ഗ്രെയ്‌സ് ഇമ്മാനുവല്‍.... യുക്മ ലൈവ് ഷോ
കുര്യന്‍ ജോര്‍ജ്
യുക്മാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബര്‍മിങ്ങ്ഹാമില്‍ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ചൊവ്വാഴ്ച നടന്നു.

ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ടുള്ള യുക്മ ലൈവ് ഷോയില്‍ വ്യാഴാഴ്ച എത്തുന്നത് പൂളില്‍ നിന്നുള്ള സഹോദരങ്ങള്‍ ജെയ്‌സ് ഇമ്മാനുവലും ഗ്രെയ്‌സ് ഇമ്മാനുവലുമാണ്.

'LET'S BREAK IT TOGETHER' രണ്ടാം ദിവസമായിരുന്ന ഇന്നലെ ബര്‍മിങ്ഹാമിലെ ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ആയിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനോടകം വീക്ഷിച്ചത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്‌ളീഷ് ഭാഷകളിലായി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ തന്റെ വെസ്റ്റേണ്‍ ഫ്‌ളൂട്ടിലൂടെ ആലപിച്ച ആര്യ ദാസ് തന്റെ അനുപമ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഇടവേളയില്‍ ആര്യ ദാസ് ആലപിച്ച, ഡോ. സജി പേരാമ്പ്രയുടെ 'ആര് ഞാനാകണം' എന്ന കവിത ഏറെ അര്‍ത്ഥവത്തായതും മനോഹരവുമായിരുന്നു.

സംഗീതം, നൃത്തം, ചിത്രരചന തുടങ്ങി വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആര്യ ദാസ് തന്റെ അവതരണ ശൈലി കൊണ്ടും ഏറെ ശ്രദ്ധ പിടിച്ച് പറ്റി എന്നുള്ളതിന്റെ തെളിവായിരുന്നു നൂറ് കണക്കിന് പ്രേക്ഷകര്‍ എഴുതിയ അഭിനന്ദന കുറിപ്പുകള്‍. സംഗീത പ്രേമികള്‍ക്ക് ഓര്‍മ്മ ചെപ്പില്‍ സൂക്ഷിക്കാനുള്ള നിമിഷങ്ങളായിരുന്നു 50 മിനിറ്റോളം നീണ്ട് നിന്ന ആര്യ ദാസിന്റെ കലാപ്രകടനം. ഷോയുടെ അവസാനം ലൈവില്‍ വന്ന ആര്യയുടെ മാതാപിതാക്കളായ ഡോ.മോഹന്‍ദാസും ശോഭയും ഷോയിലുടനീളം നിറഞ്ഞ പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്കും സംഘാടകരായ യുക്മ ഭാരവാഹികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. വളര്‍ന്ന് വരുന്ന ഈ കലാ പ്രതിഭയ്ക്ക് യുക്മയുടേയും യുക്മ സാംസ്‌കാരിക വേദിയുടേയും എല്ലാവിധ ആശംസകളും നേരുന്നു.

' LET'S BREAK IT TOGETHER' ലൈവ് ഷോയുടെ മൂന്നാം ദിനമായ നാളെ ജൂണ്‍ 4 വ്യാഴം വൈകുന്നേരം 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ഡോര്‍സെറ്റിലെ പൂളില്‍ നിന്നുള്ള സഹോദരങ്ങളായ ജെയ്‌സ് ഇമ്മാനുവലും ഗ്രെയ്‌സ് ഇമ്മാനുവലും തങ്ങളുടെ

പ്രതിഭ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാന്‍ എത്തുകയാണ്. പൂള്‍ ഗ്രാമര്‍ സ്‌കൂള്‍ YEAR 9 വിദ്യാര്‍ത്ഥിയായ ജെയ്‌സ് ഇലക്ടിക് ഗിറ്റാര്‍, വയലിന്‍, പിയാനോ എന്നീ സംഗീതോപകരണങ്ങളില്‍ നിരവധി വേദികളില്‍ തന്റെ മികവ് തെളിയിച്ചിട്ടുള്ളതാണ്. സംഗീതത്തോടൊപ്പം നീന്തല്‍, ബാസ്‌കറ്റ് ബോള്‍ എന്നിവയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഒരു മികച്ച താരമാണ് ഈ 14 വയസ്സുകാരന്‍.

ജെയ്‌സിന്റെ സഹോദരി 10 വയസ്സുകാരി ഗ്രെയ്‌സ് ഫ്‌ളൂട്ട്, റെക്കോര്‍ഡര്‍ എന്നീ സംഗീതോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഒരു കൊച്ച് മിടുക്കിയാണ്. സംഗീതത്തോടൊപ്പം നൃത്തം, നീന്തല്‍, ജിംനാസ്റ്റിക്‌സ് എന്നിവയിലും തല്പരയായ ഈ മിടുക്കി പൂള്‍ സെന്റ് മേരീസ് കാത്തലിക് സ്‌കൂള്‍ ഇയര്‍ 5 വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ കൊയര്‍ ടീമിലെ അംഗമായ ഗ്രെയ്‌സ് സ്‌കൂള്‍ കൊയര്‍ ടീമിനൊപ്പം നിരവധി വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

യുക്മ സൌത്ത് ഈസ്റ്റ് റീജിയണിലെ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി സജീവാംഗങ്ങളായ ഇമ്മാനുവല്‍ പൂവത്തിങ്കല്‍ - സിജി ഇമ്മാനുവല്‍ ദമ്പതികളുടെ മക്കളായ ഈ കലാ പ്രതിഭകള്‍ നാളെ 'LET'S BREAK IT TOGETHER' ലൈവ് ഷോയില്‍ എത്തുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ആത്മാര്‍ത്ഥമായ പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് - 19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെയുള്ള യുകെയിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെയുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്‌റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
 
Other News in this category

 
 




 
Close Window