ലണ്ടന്‍: 2025 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കി. നേപ്പാള്‍, നോര്‍ത്ത് കൊറിയ, ഫിജി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് നേടി.
ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുമാത്രം 55,000 പേര്‍ക്കാണ് പൗരത്വം ലഭിച്ചത്. ഹോര്‍ഷാം, ഡണ്‍സ്റ്റേബിള്‍, ക്ലാക്ടണ്‍ പട്ടണങ്ങള്‍ നിറയ്ക്കാന്‍ പാകത്തിന് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൗരത്വം നേടിയിട്ടുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
എന്നാല്‍ ഹോം ഓഫീസ് 'മൃദു' സിറ്റിസണ്‍ഷിപ്പ് സിസ്റ്റം പിന്തുടരുന്നതിലൂടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ വില കളയുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഈജിപ്ഷ്യന്‍ വിമതന്‍ അലാ അബദ് എല്‍ ഫത്തായെ ജയില്‍മോചിതനാക്കി യുകെയില്‍ തിരിച്ചെത്തിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. ജൂതന്‍മാരെയും പോലീസുകാരെയും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടും 2021-ല്‍ ഇയാള്‍ക്ക് പൗരത്വം നല്‍കിയിരുന്നു. വെള്ളക്കാരോടുള്ള വിദ്വേഷവും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ബ്രിട്ടന്‍ സ്വീകരിക്കുന്ന മൃദു നടപടികളാണ് ലോകം ഉപയോഗിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോളിലെ റോബര്‍ട്ട് ബെയ്റ്റ്സ് ആരോപിച്ചു. ബ്രിട്ടീഷ് രീതികളില്ലാത്ത ആളുകള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പാസ്പോര്‍ട്ടിന്റെ വില കുറയാന്‍ കാരണമെന്നു അദ്ദേഹം പറഞ്ഞു.
ലേബര്‍ അധികാരത്തിലെത്തിയ ശേഷം 2024-ല്‍ 269,000 പേര്‍ക്കും, 2025-ല്‍ 241,000 പേര്‍ക്കുമാണ് പൗരത്വം നല്‍കിയത്. രണ്ടും റെക്കോര്‍ഡാണ്. ബ്രിട്ടീഷ് പൗരത്വം നേടിയ കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും, ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ നിന്നും മോചിതരാകാനും സാധിക്കും