തിരുവനന്തപുരം: പ്രളയബാധിതരുടെ പുനരധിവാസത്തിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടപ്പിലാക്കിയ 'പുനര്‍ജ്ജനി' പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തി. വിദേശ ഫണ്ട് സമാഹരണത്തില്‍ കേന്ദ്ര നിയമങ്ങള്‍ ലംഘിച്ചതായും പദ്ധതിയുടെ പ്രധാന പങ്കാളിയായ മണപ്പാട്ട് ഫൗണ്ടേഷനുമായി പ്രതിപക്ഷ നേതാവിന് സംശയാസ്പദമായ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറന്നതായും 2018 നവംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് 8 വരെ ഈ അക്കൗണ്ടിലൂടെ വലിയ തോതില്‍ പണമിടപാടുകള്‍ നടന്നതായും വിജിലന്‍സ് കണ്ടെത്തി. ലഭ്യമായ രേഖകള്‍ പ്രകാരം 1,27,33,545.24 രൂപ (ഏകദേശം 1.27 കോടി രൂപ) പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പുനര്‍ജ്ജനി സ്പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആര്‍എ കറന്റ് അക്കൗണ്ടുകള്‍ വഴിയും പണം സ്വീകരിച്ചിട്ടുണ്ടെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ലംഘിച്ചാണ് പണം സമാഹരിച്ചതെന്നാണ് വിജിലന്‍സിന്റെ പ്രധാന ആരോപണം. വിദേശത്തുനിന്ന് പണം പിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു