ലണ്ടന്‍: ബ്രിട്ടീഷ് പോലീസിനെ കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആയിരക്കണക്കിന് ഓഫീസര്‍മാരെയും ജീവനക്കാരെയും ബ്രിട്ടനിലെ വലിയ പോലീസ് സേനകള്‍ എംപ്ലോയ്മെന്റ് രേഖകളില്ലാതെ റിക്രൂട്ട് ചെയ്തതാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിക്രൂട്ട്മെന്റ് ടാര്‍ജറ്റ് നിറവേറ്റുന്നതിനായി കഴിഞ്ഞ ആറു വര്‍ഷത്തോളമായി പരിശോധനകള്‍ കുറച്ചതോടെ ക്രിമിനലുകള്‍ യൂണിഫോം അണിഞ്ഞ് വിലസുന്ന അവസ്ഥയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അടിസ്ഥാനപരമായ പരിശോധന പോലും നടത്താതെ ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് പോലീസ് സേനയില്‍ പ്രവേശിച്ചത്.
മെട്രോപൊളിറ്റന്‍ പോലീസ് സേനയിലെ 130 ഓഫീസര്‍മാരും ജീവനക്കാരും വിവിധ കുറ്റകൃത്യങ്ങളിലും അച്ചടക്കലംഘനങ്ങളിലും ഏര്‍പ്പെട്ടതായി ഈയാഴ്ച പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. യുകെ കണ്ട ഏറ്റവും ഭീകരനായ ലൈംഗിക കുറ്റവാളിയായ ഡേവിഡ് കാരിക്ക് പോലീസില്‍ കടന്നുകൂടിയവരില്‍ ഒരാളാണ്. 14 സ്ത്രീകളെ ആക്രമിച്ച കേസില്‍ 37 വര്‍ഷത്തെ ജീവപര്യന്തം ശിക്ഷയാണ് ഇയാള്‍ അനുഭവിക്കുന്നത്.
2019 ജൂലൈ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവില്‍ പരിശോധനകള്‍ കുറച്ചതായി മറ്റ് അഞ്ച് പോലീസ് സേനകളും സമ്മതിച്ചിട്ടുണ്ട്. മെറ്റ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ്, ലങ്കാഷയര്‍, മേഴ്സിസൈഡ്, കംബ്രിയ പോലീസ് എന്നിവരാണ് ഇപ്പോള്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത്