ലണ്ടന്‍: ഹമാസിനെ പിന്തുണച്ചതിന് അമേരിക്കന്‍ ഇസ്ലാമിക മത പ്രഭാഷകന്‍ ഡോ. ഷാദി അല്‍-മസ്രിയ്ക്ക് ബ്രിട്ടനില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് ആണ് വിലക്ക് പ്രഖ്യാപിച്ചത്. 2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ തുടര്‍ന്ന്, അല്‍-മസ്രി ഹമാസിനെ പ്രതിരോധിക്കുകയും സോഷ്യല്‍ മീഡിയയില്‍ ആക്രമണങ്ങളെ ന്യായീകരിക്കുകയും ചെയ്തുവെന്നതാണ് ആരോപണം.
ബ്രിട്ടീഷ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുസ്ലീം ചാരിറ്റിയായ ഗ്ലോബല്‍ റിലീഫ് ട്രസ്റ്റ് (ജിആര്‍ടി) സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി അല്‍-മസ്രി ജനുവരി 4 മുതല്‍ 6 വരെ യുകെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. ബര്‍മിംഗ്ഹാം, ബോള്‍ട്ടണ്‍, ഇല്‍ഫോര്‍ഡ് (ലണ്ടന്‍) എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കാനിരുന്നത്. എന്നാല്‍ ആഭ്യന്തര സെക്രട്ടറി അദ്ദേഹത്തിന്റെ യാത്രാ അനുമതി റദ്ദാക്കി. യുകെ ഹോം ഓഫീസ് വ്യക്തിഗത കേസുകളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കിലും, 'വിദ്വേഷം പ്രചരിപ്പിക്കുന്നതോ തീവ്രവാദ വീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ ആയ വിദേശ പൗരന്മാര്‍ക്ക് യുകെയില്‍ സ്ഥാനമില്ല. സമൂഹങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആരെയും പ്രവേശിപ്പിക്കില്ല,' എന്ന് ഒരു വക്താവ് വ്യക്തമാക്കി