ദയാവധം അനുവദിക്കുന്ന നിയമ നിര്‍മ്മാണം പാസാക്കാന്‍ അധിക സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബില്ലിനെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തി. ബില്‍ എല്ലാ പാര്‍ലമെന്ററി ഘട്ടങ്ങളും പൂര്‍ത്തിയാക്കില്ലെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം.
ലോര്‍ഡ്സില്‍ ബില്‍ വിശദമായി പരിശോധിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രമേയം സമര്‍പ്പിച്ചു. വെള്ളിയാഴ്ചകളിലെ ചര്‍ച്ചാ സമയം നീട്ടുന്നതുള്‍പ്പെടെ പരിഗണനയിലാണ്. പ്രമേയം അംഗീകരിച്ചാല്‍ അധിക സമയം എപ്പോള്‍ എത്ര നല്‍കണം എന്നതില്‍ ലോര്ഡ്സിലെ വിവിധ പക്ഷങ്ങള്‍ തമ്മില്‍ സ്വകാര്യ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബില്ലിനെ എതിര്‍ക്കുന്നവര്‍ അധിക സമയം അനുവദിക്കുന്നതിലും എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ആയിരത്തിലേറെ ഭേദഗതികള്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
കോമണ്‍സ് സഭ കഴിഞ്ഞ വര്‍ഷം ബില്‍ പാസാക്കിയ സാഹചര്യത്തില്‍ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്ന തന്ത്രമാണ് നടക്കുന്നതെന്ന് ആരോപിച്ചു. ഗൗരവമായ ഭേദഗതി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ചിലപ്പോള്‍ നിയമമായി മാറാന്‍ 2027 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. പുതിയ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ ബില്ലിനോട് എതിര്‍പ്പറിയിച്ചിട്ടുണ്ട്. എന്നാല്‍ ബില്ലിനെ അനുകൂലിക്കുന്നവര്‍ ഭേദഗതിയോടെ നിയമമാക്കാനാകുമെന്ന നിലപാടിലാണ്