ലണ്ടന്‍: ഇംഗ്ലണ്ടിലെ വീടുകള്‍ക്ക് മറ്റൊരു കൗണ്‍സില്‍ ബില്‍ വര്‍ധനയ്ക്ക് നീക്കം. ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പ നിരക്കിനെ മറികടക്കുന്ന കൗണ്‍സില്‍ ടാക്സ് വര്‍ധന നടപ്പിലാക്കാന്‍ നിരവധി കൗണ്‍സിലുകള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നികുതിഭാരവും അധിക ചെലവുകളും ജനങ്ങളെ വലയ്ക്കുമ്പോഴാണ് പ്രാദേശിക അധികൃതര്‍ ഖജനാവ് നിറയ്ക്കാന്‍ കുടുംബങ്ങളെ വീണ്ടും പിഴിയുന്നത്.
2026/27 സാമ്പത്തിക വര്‍ഷത്തില്‍ 4.99 ശതമാനം കൗണ്‍സില്‍ ടാക്സ് വര്‍ധന നടപ്പിലാക്കാന്‍ പല ലോക്കല്‍ അതോറിറ്റികളും പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ചില കൗണ്‍സിലുകള്‍ ഗവണ്‍മെന്റില്‍ നിന്ന് കൂടുതല്‍ നികുതി വര്‍ധനയ്ക്ക് അനുമതി തേടിയിട്ടുണ്ട്. ഒരു കൗണ്‍സില്‍ 20 ശതമാനം വരെ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
സാധാരണ സാഹചര്യങ്ങളില്‍ 4.99 ശതമാനം വര്‍ധനയാണ് അനുവദനീയമായ പരമാവധി. ഇതിന് മുകളില്‍ പോകാന്‍ പ്രാദേശിക ഹിതപരിശോധന ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം കടക്കെണി നേരിട്ട ആറു കൗണ്‍സിലുകള്‍ക്ക് 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കിയിരുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമാണ്. എന്നാല്‍ നോര്‍ത്ത് സോമര്‍സെറ്റ്, വാറിംഗ്ടണ്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് ഇതിലും കൂടുതലായ ബില്ലുകള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് സൂചന