ലണ്ടന്‍: ബ്രിട്ടനില്‍ ആഞ്ഞടിച്ച 'ഗോറെറ്റി' കൊടുങ്കാറ്റും പിന്നാലെയുണ്ടായ കനത്ത മഞ്ഞുവീഴ്ചയും രാജ്യത്തെ ഗതാഗത സംവിധാനങ്ങളെ താറുമാറാക്കി. അതിശക്തമായ കാറ്റില്‍ മരങ്ങള്‍ റെയില്‍വേ ട്രാക്കുകളിലേക്ക് കടപുഴകി വീണതും മഞ്ഞ് കട്ടപിടിച്ചതും കാരണം ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു.
മിഡ്ലാന്‍ഡ്സ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രാത്രിയിലുണ്ടായ മഞ്ഞുവീഴ്ച ട്രാക്കുകള്‍ സാരമായി ബാധിച്ചു. ചെയിന്‍സോ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ആയിരക്കണക്കിന് ജീവനക്കാര്‍ പ്രതികൂല കാലാവസ്ഥയിലും ട്രാക്കുകള്‍ വൃത്തിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യുതി ലൈനുകള്‍ തകരാറിലായതും ജോലികളെ ബാധിക്കുന്നു. ചില പ്രധാന റൂട്ടുകളില്‍ ശനിയാഴ്ച വരെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയില്ലെന്ന് നെറ്റ്വര്‍ക്ക് റെയില്‍ അറിയിച്ചു.
ഷെഫീല്‍ഡ്, സൗത്ത് യോര്‍ക്ഷയര്‍, മാഞ്ചസ്റ്റര്‍ റൂട്ടുകളിലും മാഞ്ചസ്റ്ററില്‍ നിന്ന് പീക്ക് ഡിസ്ട്രിക്റ്റിലേക്കുള്ള ലൈനുകളിലും സര്‍വീസുകള്‍ പൂര്‍ണ്ണമായും മുടങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നെറ്റ്വര്‍ക്ക് റെയില്‍ റീജനല്‍ ഡയറക്ടര്‍ ജേക്ക് കെല്ലി യാത്രക്കാര്‍ സ്റ്റേഷനുകളിലേക്ക് തിരിക്കുന്നതിന് മുന്‍പ് വെബ്‌സൈറ്റ് വഴിയോ ആപ്പുകള്‍ വഴിയോ യാത്രാ വിവരങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ യുകെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
റെയില്‍ ഗതാഗതത്തിന് പിന്നാലെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ഗാറ്റ്വിക്, മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദാക്കി. ഹീത്രോവില്‍ മാത്രം അമ്പതിലധികം വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടു. റണ്‍വേകളില്‍ മഞ്ഞ് നീക്കം ചെയ്യുന്നതിനുള്ള 'ഡി-ഐസിങ്' നടപടികള്‍ വൈകുന്നതോടെ സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകുകയാണ്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് യുക്മ ഉള്‍പ്പെടെയുള്ള മലയാളി സംഘടനകള്‍ പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും, വാഹനങ്ങളില്‍ കമ്പിളി വസ്ത്രങ്ങളും ചാര്‍ജറുകളും കരുതണമെന്നും സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. ലണ്ടന്‍, മാഞ്ചസ്റ്റര്‍ നഗരങ്ങളിലെ മലയാളി അസോസിയേഷനുകള്‍ അടിയന്തര സഹായത്തിനായി ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്.
കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്ന് മിഡ്ലാന്‍ഡ്സിലെയും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെങ്കിലും കനത്ത മഞ്ഞുവീഴ്ച ജീവനക്കാര്‍ക്ക് തടസ്സമാകുന്നു. വരും ദിവസങ്ങളിലും താപനില പൂജ്യം ഡിഗ്രിയില്‍ താഴെയായിരിക്കുമെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നല്‍കി